പണം നഷ്ടപ്പെട്ടതായുള്ള പാപ്പച്ചന്റെ പരാതിയെത്തുടർന്ന് സരിത ജോലി ചെയ്തിരുന്ന ധനകാര്യസ്ഥാപനത്തിന്റെ അധികൃതർ കണക്കുകൾ പരിശോധിച്ചു. മറ്റ് ഏഴുപേരുടെ അക്കൗണ്ടുകളിൽനിന്നും പണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു. വയോധികരുടെ പണമാണ് കൂടുതലും പിൻവലിക്കപ്പെട്ടത്. ഈ വിവരം സ്ഥാപന അധികൃതർ പുറത്തുവിട്ടിരുന്നില്ല. ചെറിയ തുകകളായിരുന്നതിനാൽ നിക്ഷേപകർക്കെല്ലാം ധനകാര്യസ്ഥാപനം പണം മടക്കിനൽകി. ഈ തുകകളെല്ലാം തിരിച്ചടയ്ക്കണമെന്നും അല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സരിതയെ അറിയിക്കുകയും ചെയ്തു. പാപ്പച്ചന്റേതടക്കമുള്ള പണം തിരികെ നൽകാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് സരിത കൊലപാതകം ആസൂത്രണം ചെയ്തത്.
ജീവിതവിഷമങ്ങൾ പങ്കുവെച്ചത് പാപ്പച്ചനു വിനയായി
പാപ്പച്ചന്റെ ഭാര്യ വർഷങ്ങളായി ജോലിചെയ്തിരുന്നത് ഗവ. ബോയ്സ് ഹൈസ്കൂളിലായിരുന്നു. ഇതിനടുത്തുള്ള ധനകാര്യസ്ഥാപനമെന്ന നിലയിലാണ് അഞ്ചാലുംമൂട് റോഡിലുള്ള സ്ഥാപനത്തിൽ നിക്ഷേപത്തിനു തയ്യാറായത്. മാനേജർ സരിതയും അനൂപും ഉൾപ്പെടെ മൂന്നുപേർ മാത്രമേ ഇവിടെ ജീവനക്കാരായുള്ളൂ. ഇവരോടൊക്കെ പാപ്പച്ചന് നല്ല അടുപ്പമായിരുന്നു. മക്കൾ വിദേശത്താണെന്നും ഭാര്യ ഒപ്പമില്ലെന്നും ജീവനക്കാരോടു പറയുകയും വിഷമങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവിടങ്ങളിലെല്ലാം സ്ഥിരനിക്ഷേപവും ഉണ്ടായിരുന്നു. മറ്റു ബാങ്കുകളിലെ നിക്ഷേപം കഴിയുന്നത്ര തങ്ങളുടെ സ്ഥാപനത്തിലേക്ക് കൊണ്ടുവരാൻ പ്രതികൾ നിർബന്ധിച്ചിരുന്നു. നിക്ഷേപത്തിനുമേൽ പല വായ്പകളെടുക്കാനും പ്രതികൾ ശ്രമിച്ചു. പണം വിട്ടുകളിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല പാപ്പച്ചൻ. മറ്റു നിക്ഷേപങ്ങൾ കൊണ്ടുവന്നാൽ തങ്ങൾക്ക് ലഭിക്കുന്ന ഇൻസെന്റീവ് (പ്രോത്സാഹനത്തുക) നൽകാമെന്ന് വാഗ്ദാനം നൽകിയാണ് കെണിയിൽ വീഴ്ത്തിയത്.



