തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അർഹിക്കുന്ന പരിഗണന ലഭിക്കാത്തതിനെപ്പറ്റി ആലോചിക്കാൻ താത്പര്യമില്ലെന്ന് സഞ്ജു സാംസൺ. ‘കളിക്കാൻ വിളിച്ചാൽ പോയി കളിക്കും. ഇല്ലെങ്കിൽ കളിക്കില്ല. എല്ലാം പോസിറ്റീവ് ആയി കാണാനാണ് ശ്രമിക്കുന്നത്.’, സഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ലോഗോ പ്രകാശന ചടങ്ങിലാണ് സഞ്ജുവിന്റെ പ്രതികരണം.

എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങൾ മികച്ചതാക്കാനാണു ശ്രമം. ടീം നന്നായി കളിക്കുന്നുണ്ട് എല്ലാം പോസിറ്റീവായി കാണാൻ ശ്രമിച്ചുകൊണ്ടിരിക്കും. എല്ലാ കാര്യത്തിലും കഴിവിന്റെ പരമാവധി നൽകും. കളി നന്നായി മുന്നോട്ടു പോകുന്നുണ്ട്. കളിയിൽ നല്ല മാറ്റമുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു. കരിയറിലെ മികച്ച കാലമായിരുന്നു കഴിഞ്ഞ മൂന്ന് നാല് മാസം. ലോകകപ്പ് ടീമിൽ ഇടം നേടിയത് സ്വപ്നം പോലെയാണ് തോന്നിയതെന്നും സഞ്ജു പറഞ്ഞു. ‘ഇന്ത്യൻ ടീമിൽ കയറണമെന്നായിരുന്നു ആദ്യത്തെ വലിയ ആഗ്രഹം. അത് നടന്നപ്പോൾ അടുത്ത വേൾഡ് കപ്പിൽ കളിക്കണമെന്നായിരുന്നു. അതും സാധിച്ചു. ലോകകപ്പ് ജയിച്ചപ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റർ എന്നാൽ ചെറിയ കാര്യമല്ല എന്ന് മനസ്സിലായത്. എന്നാൽ ശ്രീലങ്കയ്ക്കെതിരെയുള്ള കഴിഞ്ഞ പരമ്പരയിൽ വിചാരിച്ച പോലെ കളിക്കാനായില്ല. കേരള രഞ്ജി കളിക്കണമെന്ന് ആഗ്രഹിച്ച ഒരാൾ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടത് വലിയ കാര്യം’, സഞ്ജു കൂട്ടിച്ചേർത്തു.

ഒരു ഫോർമാറ്റ് മാത്രം ഫോക്കസ് ചെയ്യുന്ന ആളല്ല ഞാൻ. മൂന്ന് ഫോർമാറ്റും കളിക്കാൻ ആഗ്രഹമുണ്ട്. ഏത് പൊസിഷനിൽ കളിക്കാനും താൻ റെഡിയാണെന്നും സഞ്ജു പറഞ്ഞു. നാട്ടിലുള്ളവർ നൽകുന്ന പിന്തുണയും ന്യൂസീലൻഡ് മുതൽ വെസ്റ്റിൻഡീസ് വരെയുള്ള നാടുകളിലുള്ള മലയാളികളുടെ പിന്തുണയും അദ്ഭുതപ്പെടുത്തുന്നതാണ്. പുറത്തുപോയി കളിക്കുമ്പോൾ കിട്ടുന്ന പിന്തുണ ഡ്രസ്സിങ് റൂമിൽ പോലും ചർച്ചയാണ്. എടാ ചേട്ടാ എവിടെ പോയാലും നിനക്ക് വലിയ പിന്തുണയാണല്ലോ എന്ന് മറ്റു ടീം അംഗങ്ങൾ പറയാറുണ്ട്. അതുകൊണ്ടു തന്നെ എനിക്ക് ടീമിൽ ഇടം കിട്ടാതെ വരുമ്പോഴും ഞാൻ ഡക്ക് ആവുമ്പോഴുമെല്ലാം അവർക്ക് നിരാശയുണ്ടാകും. അത് മനസിലാക്കാനുള്ള പക്വതയുണ്ട്, സഞ്ജു പറഞ്ഞു.

കേരള ക്രിക്കറ്റ് ലീഗിന്റെ ഐക്കൺ കൂടിയായ സഞ്ജു ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു. ലീഗിൽ പങ്കെടുക്കുന്ന 6 ടീമുകളിലേക്കുള്ള താരലേലം ശനിയാഴ്ച തിരുവനന്തപുരത്തു നടക്കും. രാവിലെ 10 മുതൽ സ്റ്റാർ സ്പോർട്സ്-3 ചാനലിലും ഒടിടി പ്ലാറ്റ്ഫോമായ ഫാൻ കോഡിലും തത്സമയം സംപ്രേഷണം ചെയ്യും. വിവിധ ചാംപ്യൻഷിപ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 168 കളിക്കാരെയാണ് ലേലത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ടീമിൽ 20 കളിക്കാരെ ഉൾപ്പെടുത്താം. മൂന്നു വിഭാഗങ്ങളാക്കി തിരിച്ചാണ് ലേലം.