ന്യൂഡല്‍ഹി: ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒളിംപിക്്‌സില്‍ നിന്ന് പുറത്താതയതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഗുസ്തി ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ട്. ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തിട്ടും അധ്യക്ഷന്‍ സഞ്ജയ് സിങ് ഒളിംപിക്‌സ് വില്ലേജില്‍ എത്തി തീരുമാനങ്ങള്‍ എടുക്കുവെന്നാണ് ആരോപണം. വിനേഷ് ഫോഗോട്ടിന്റെ അഭിഭാഷകന്‍ രാഹുല്‍ മെഹ്റയാണ് ഡല്‍ഹി ഹൈകോടതിയില്‍ ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഗുസ്തി ഫെഡറേഷനെ കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ തന്നെയാണ് കോടതിയെ സമീപിച്ചത്. ഇതില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആരോപണം. പദവിയില്‍ നിന്ന് പുറത്തായിട്ടും സഞ്ജയ് സിങ് ഒളിംപിക്‌സ് വില്ലേജിലെത്തി കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രധാന ആരോപണം.



