വാഷിംഗ്ടൺ: അലാസ്ക എയർലൈൻസ് ബോയിംഗ് 737 മാക്സ്9 വിമാനത്തിന്റെ വാതിൽ തുറന്നു പറന്നു പോയത് പാളിച്ചയാണെന്നു നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് പറഞ്ഞു.
വിമാനത്തിനകത്തു നിർമാണകമ്പനി നടത്തിയ അംഗീകാരമില്ലാത്ത പ്രവർത്തനങ്ങൾ തിരുത്തേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തം ആയിരുന്നു. ഇത് വളരെ നേരത്തെ ചെയ്യണ്ടതും ആയിരുന്നു എന്ന് ബോർഡ് പറഞ്ഞു.
ഈ അപകടം ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നു. പിഴവ് നേരത്തെ കണ്ടെത്തി വർഷങ്ങൾക്കു മുൻപ് പരിഹരിക്കേണ്ടതുമായിരുന്നു. ധാരാളം ബോയിംഗ് ഓഡിറ്റുകൾ, കോംപ്ലയൻസ് റിവ്യൂകൾ, എഫ്എഎ ഓഡിറ്റുകൾ, ആക്ഷൻ പ്ലാനുകൾ ഉണ്ടായിരുന്നിട്ടും ഇത് പരിഹരിക്കപെട്ടില്ലെന്ന് എൻടിഎസ്ബി ചെയർ ജെന്നിഫർ ഹോമെണ്ടി പറഞ്ഞു.
ബോയിംഗ് 737 മാക്സ് 9ൽ ഉപയോഗിക്കാതിരുന്ന ഒരു എമർജൻസി വാതിലിൽ ഒരു മെറ്റൽ പ്ളഗ് ഉണ്ടായിരുന്നു. എമർജൻസി എക്സിറ്റിനെ കവർ ചെയ്തിരുന്ന ഈ വാതിലിന്റെ നാലു കീ ബോൾട്ടുകൾ കാണാനില്ലായിരുന്നു.
ഇത് ആദ്യമേ സംഭവിച്ചതാണോ റീഇൻസ്റ്റലേഷനിൽ ഉണ്ടായതാണോ ആരൊക്കെയാണ് ഇതുമായി ബന്ധപെട്ടു പ്രവർത്തിച്ചിരുന്ന ജീവനക്കാർ എന്നോ അറിവായിട്ടില്ല. അലാസ്ക എയർ ലൈൻസിനു വിമാനം ഡെലിവർ ചെയ്യുമ്പോൾ ഈ അവസ്ഥയിൽ ആയിരുന്നു എന്നാണ് ബോർഡ് കണ്ടെത്തിയിരിക്കുന്നത്.
ഇതേക്കുറിച്ചു ബോയിംഗ് കമ്പനി പ്രതികരിച്ചിട്ടില്ല. അംഗീകാരം നല്കിയിട്ടില്ലാത്ത ജോലികൾ ബോയിംഗ് ഇതിനു മുൻപ് മനസിലാക്കിയിട്ടുണ്ടെങ്കിൽ അറിയിക്കണമായിരുന്നു എന്ന് ഹോമെണ്ടി പറഞ്ഞു.
നമ്മുടെ മുൻപിൽ ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങളുണ്ട്. ഇവയിൽ പ്രധാനം ബോയിംഗിനു മുകളിൽ എഫ്എഎയുടെ പരിശോധനകൾ, റിവ്യൂകളുടെ നോട്ടീസുകൾ റിവ്യൂവിന്റെ പേപ്പർ വർക്ക് എന്നിവയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്സിഡന്റിനു ശേഷം എഫ്എഎ ബോയിംഗ് നിർമാണം വർധിപ്പിക്കുവാൻ അനുവദിച്ചിട്ടില്ല. 38 പ്ലെയിനുകൾ ഒരു മാസം നിർമിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇവയുടെ എണ്ണം കൂട്ടാനുള്ള കമ്പനിയുടെ ആവശ്യം 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്.



