മേപ്പാടി: വയനാട്ടിൽ നൂറുകണക്കിനാളുകളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലിച്ചെടുത്ത് കൊണ്ടുപോയ ഉരുള്‍പ്പൊട്ടലുണ്ടായപ്പോഴും പണിയവിഭാഗത്തില്‍ നിന്നുള്ള ചേനന് കാടിന്റെ സുരക്ഷിതത്വത്തില്‍ വിശ്വാസിക്കുകയായിരുന്നു. തന്റെ ഉപജീവനത്തിന് വിഭവങ്ങള്‍ തരുന്ന കാട് ചതിക്കില്ലെന്ന വിശ്വാസത്തില്‍ ഭാര്യ ചെണ്ണയോടൊപ്പം അവിടെ തന്നെ കഴിയുകയായിരുന്നു ചേനൽ. പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി മുണ്ടക്കൈയും ചൂരല്‍മലയും തുടച്ചു നീക്കപ്പെട്ടതിനെല്ലാം ദൃക്സാക്ഷിയായിട്ടും അദ്ദേഹം കാടിറങ്ങിയില്ലെന്ന കാര്യം കഴിഞ്ഞ ദിവസമാണ് സംഭവസ്ഥലത്ത് തുടരുന്ന റവന്യൂമന്ത്രി കെ. രാജന് അറിയുന്നത്.
തുടര്‍ന്ന് മന്ത്രി ചേനന് മുമ്പിലെത്തി. തേന്‍ ശേഖരണമാണ് തൊഴിലെന്ന് അറിഞ്ഞതോടെ താന്‍ മുഴുവന്‍ തേനും വാങ്ങാമെന്നായി മന്ത്രി. പക്ഷേ ഞങ്ങളുടെയൊപ്പം അപകടസ്ഥലം വിട്ടുപോരണം. മന്ത്രി ഓഫര്‍ സ്വീകരിച്ച ചേനന് ഭാര്യയെയും വിളിച്ച് കാടിറങ്ങുകയായിരുന്നു. ജൂലൈ 30 ന് പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ഭീതിദമായ അവസ്ഥ സംഭാഷണത്തിനിടയില്‍ ചേനന് മന്ത്രിയെ ധരിപ്പിച്ചു. മലമുകളില്‍ താമസിക്കുന്നതിന്റെ അപകടാവസ്ഥ മന്ത്രി ചേനനെ ബോധ്യപ്പെടുത്തി. പണം നല്കി തേന്‍ വാങ്ങിയ മന്ത്രി സുരക്ഷിത സ്ഥാനത്തേക്ക് താമസം മാറ്റണമെന്നും വേണ്ട സൗകര്യം ചെയ്ത് തരാമെന്നും ഉറപ്പ് നല്കി.



