വാഷിംഗ്ടൺ ഡിസി: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് അമേരിക്ക.
“ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ ഞങ്ങൾ നിരീക്ഷിക്കുന്നത് തുടരുകയാണ്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ നേതാവായി മുഹമ്മദ് യൂനസിനെ നിയമിക്കുന്നത് ഞങ്ങൾ വ്യക്തമായി കണ്ടു,” -യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബംഗ്ലാദേശിൽ ദീർഘകാല സമാധാനവും രാഷ്ട്രീയ സ്ഥിരതയും സ്ഥാപിക്കുന്നതിൽ ഇടക്കാല സർക്കാർ നിർണായക പങ്ക് വഹിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും മില്ലർ പറഞ്ഞു.
ഇടക്കാല സർക്കാരിനെ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ജനാധിപത്യ തത്വങ്ങളെയും നിയമവാഴ്ചയെയും ബംഗ്ലാദേശി ജനതയുടെ ഇച്ഛയെയും മാനിക്കുന്നതായിരിക്കണം. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കാൻ നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് സമ്മതിച്ചതായി ഞങ്ങൾ മനസ്സിലാക്കുന്നു. ഇടക്കാല സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിൻ്റെ ഇടക്കാല ഗവൺമെൻ്റിൻ്റെ തലവനായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉപദേശക സമിതിയിൽ 15 അംഗങ്ങളുണ്ടാകാമെന്ന് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ പറഞ്ഞു.



