കർണാടകയിലെ (Karnataka) ഷിരൂരിൽ മണ്ണിടിഞ്ഞു (landslide) കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള (Arjun) തിരച്ചിൽ സൈന്യം റഡാറുകളും സെൻസറുകളും ഉപയോഗിച്ച് ഗംഗാവലിപ്പുഴയിൽ തുടരുന്നു.
ഇന്നലെ പുഴയിൽനിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുന്നിടിഞ്ഞു പുഴയിലേക്കു വീണ് കാണാതായ സന്നി ഹനുമന്ത ഗൗഡയുടെ (65) മൃതദേഹമാണ് 4 കിലോമീറ്റർ അകലെ മഞ്ചിഗുണി ഗ്രാമത്തിൽനിന്നു ലഭിച്ചത്.
സന്നി മണ്ണിനടിയിലായെന്നു കരുതിയിരിക്കെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്.
ജൂലെെ 16ന് രാവിലെ 8.30ന് ആണ് ഷിരൂരിൽ കുന്നിടിഞ്ഞുള്ള മണ്ണ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കും വീണത്. അന്ന് കാണാതായ അർജുനായി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലം കണ്ടില്ല.
ദേശീയപാതയിലെ മണ്ണ് പൂർണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചിൽ പുഴയിലേക്ക് വ്യാപിപ്പിച്ചത്.
റഡാർ പരിശോധനയിൽ പുഴയിൽ നിന്ന് ചില സിഗ്നലുകൾ ലഭിച്ചിരുന്നു. ഇന്ന് കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് സൈന്യം പരിശോധന തുടരും.