ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്കുള്ള ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ നിന്നും പൊട്ടിത്തെറി സാധ്യതയുള്ള പവർ ബാങ്ക് കണ്ടെത്തി. തുടർന്ന് ക്ഷേത്രം അധികൃതർ പൊലീസിൽ പരാതി നൽകി. പൂജാ യോഗ്യമല്ലാത്ത വസ്തു കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രത്തിൽ പുണ്യാഹം നടത്തി.
ഗുരുവായൂർ ദേവസ്വം പൊലീസ് നടത്തിയ അന്വേഷണത്തിൽ പവർബാങ്ക് ഒരു കീഴ്ശാന്തിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പൂജക്കുള്ള വെറ്റിലയും അടക്കയും കൊണ്ടുവന്ന കവറിൽ അബദ്ധത്തിൽ പവർ ബാങ്ക് പെട്ടുപോയതാണെന്നാണ് കീഴ്ശാന്തി പോലീസിന് നൽകിയ മൊഴി. 24 മണിക്കൂറും പൊലീസ് സുരക്ഷയുള്ള ഗുരുവായൂർ ക്ഷേത്രത്തിൽ മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവേശിപ്പിക്കാൻ അനുവാദമില്ല.
ഭക്തരെ കർശന പരിശോധനക്ക് ശേഷമാണ് ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ മേൽശാന്തി മാർക്കും കീഴ്ശാന്തിമാർക്കും ഇത്തരത്തിൽ പരിശോധന ഉണ്ടായിരുന്നില്ല. ശുദ്ധിവരുത്തി വരുന്ന ശാന്തിമാരുടെ ദേഹ പരിശോധന സാധ്യമല്ലായിരുന്നു.



