ചെന്നൈ: പഴകിയ മെത്തനോൾ തെറ്റായ അനുപാതത്തിൽ വാറ്റിയതാണ് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന് കാരണമെന്ന് പൊലീസ്. 25 ലിറ്റർ സ്പിരിറ്റ് ആറിരട്ടി ചൂടുവെള്ളത്തിൽ മിക്സ് ചെയ്താണ് വാറ്റിയിരുന്നത്. ഈ അനുപാതം തെറ്റിയതും പഴകിയ മെത്തനോൾ ഉപയോഗിച്ചതും ദുരന്ത കാരണമായെന്ന് പൊലീസ് കണ്ടെത്തി.
കള്ളക്കുറിച്ചിയിലെ വാറ്റുകാർ സ്ഥിരമായി അനധികൃത സ്പിരിറ്റ് വാങ്ങിയിരുന്ന വെള്ളിമലൈ എന്നയിടത്ത് രണ്ട് മാസം മുൻപ് പൊലീസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. ദുരന്തത്തിന് ഇടയാക്കിയ വ്യാജചാരായം വിറ്റ ഗോവിന്ദരാജുവും ഇവിടെ നിന്നാണ് സ്പിരിറ്റ് വാങ്ങിയിരുന്നത്. ഇതോടെ ഗോവിന്ദ രാജു സ്പിരിറ്റിന് പകരം മെത്തനോൾ വാങ്ങാൻ തുടങ്ങിയെന്നും പൊലീസ് കണ്ടെത്തി. പഴകിയ മെത്തനോൾ തെറ്റായ അനുപാതത്തിൽ വാറ്റിയതാണ് ഇത്ര വലിയ ദുരന്തത്തിന് ഇടയാക്കിയതെന്നും പൊലീസ് പറഞ്ഞു.
കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരണം 55 ആയി. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും രൂക്ഷ വിമർശനമുയർത്തിയ മദ്രാസ് ഹൈക്കോടതി, അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ചെങ്കൽപ്പേട്ടിലും വിളുപുരത്തും നടന്ന വ്യാജ മദ്യ ദുരന്തത്തിൽ നടപടിയെടുത്തതിന്‍റെ വിവരങ്ങളെവിടെ എന്ന് കോടതി ചോദിച്ചു. ഉദ്യോഗസ്ഥ അനാസ്ഥ മൂലം ഇവിടെ നഷ്ടമാകുന്നത് മനുഷ്യ ജീവനുകളാണെന്നും കോടതി പറഞ്ഞു.



