നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ആക്രമണം നടത്തി ഇസ്ലാമിക തീവ്രവാദികൾ. കജുരു കൗണ്ടിയിലെ മാരോ വാർഡിൽ സ്ഥിതി ചെയ്യുന്ന അംഗുവാൻ പോൾ എന്നറിയപ്പെടുന്ന എവേഹ്‌കോ ഗ്രാമത്തിൽ ആണ് തീവ്രവാദികൾ ഏറ്റവും ഒടുവിൽ ആക്രമണം നടത്തിയത്. ജൂൺ 17-നു നടന്ന ഈ ആക്രമണത്തിൽ അഞ്ച് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു.

ഫുലാനി തീവ്രവാദികളെന്ന് സംശയിക്കുന്ന അക്രമികൾ, ഏകദേശം 2:15- ന്, എ. കെ 47 തോക്കുകളും വെട്ടുകത്തികളുമായി ഗ്രാമത്തിലേക്ക് ഇരച്ചുകയറി. ഈ സമയം ഒരു കൂട്ടം ഗ്രാമത്തിൽ ക്രിസ്ത്യാനികളുടെ ഒരു പ്രാർഥനാ സമ്മേളനം നടക്കുന്നുണ്ടായിരുന്നു. വിശ്വാസികളുടെ ഇടയിലേക്ക് കയറി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി പ്രദേശവാസികൾ ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ. സി. സി) ജീവനക്കാരനോട് വെളിപ്പെടുത്തി.

ഭീകരർ വെടിയുതിർക്കുകയും നാല് പുരുഷന്മാരും ഒരു സ്ത്രീയും കൊല്ലപ്പെടുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറയുന്നു. ജീവഹാനിക്ക് പുറമെ നിരവധി മോട്ടോർ സൈക്കിളുകളും ആക്രമണത്തിൽ കത്തിനശിച്ചു. അക്രമികൾ പാസ്റ്ററുടെ വീടിനും പ്രാർഥനാ യോഗത്തിനെത്തിയ സഭാ നേതാക്കളുടെ നിരവധി മോട്ടോർസൈക്കിളുകൾക്കും തീയിട്ടതായും ഗ്രാമവാസിയായ ബെഞ്ചമിൻ മാരോ വെളിപ്പെടുത്തുന്നു.

കൊള്ളക്കാർ, ബോക്കോ ഹറാം വിമതർ, ഇസ്ലാമിക് സ്റ്റേറ്റിൻ്റെ വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP) പോരാളികൾ എന്നിവർ നടത്തുന്ന അക്രമങ്ങൾ കാരണം കഡുന സംസ്ഥാനത്തെ ആളുകൾ ഭീതിയിലാണ്. ഈ ആക്രമണങ്ങൾ തടയാൻ സർക്കാരോ ഭരണാധികാരികളോ ഉചിതമായ നടപടികൾ സ്വീകരിക്കുന്നില്ല എന്നും ജനങ്ങൾ പറയുന്നു.