കൊതുകുകടി കാരണം വംശനാശം സംഭവിക്കുന്ന കുഞ്ഞന്‍ പക്ഷികളെ സംരക്ഷിക്കാന്‍ ഒന്നും രണ്ടുമല്ല, ഒരുകോടി കൊതുകുകളെ ഹെലികോപ്റ്ററില്‍ ഇറക്കി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കയാണ് ഹവായിയന്‍ സര്‍കാര്‍.  ഹവായി ദ്വീപ സമൂഹങ്ങളില്‍ മാത്രം കാണപ്പെടുന്ന ചെറിയ പക്ഷികളുടെ കൂട്ടമായ ഹവായിയന്‍ ഹണിക്രീപറുകളെ സംരക്ഷിക്കാനാണ് അധികൃതരുടെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്.

ഒരു കൊതുകുകടി കിട്ടിയാല്‍ തന്നെ ഇവ മരിച്ചുപോകുന്ന അവസ്ഥയാണ്. ഹവായിയില്‍ മലേറിയ വാഹകരായ കൊതുകുകള്‍ കാരണം ഇവ വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.  മലേറിയയെ തടയാനുള്ള പ്രതിരോധ സംവിധാനം ഹണിക്രീപറുകള്‍ക്കില്ലെന്ന കാരണം കൊണ്ടുതന്നെ മലേറിയ പരത്തുന്ന കൊതുക് ഇയുടെ ജീവന്റെ നിലനില്‍പിന് ഭീഷണിയാകുന്നു.

ഈ സാഹചര്യം കണക്കിലെടുത്ത്, മലേറിയ പരത്തുന്ന കൊതുകുകളെ ഇല്ലായ്മ ചെയ്യാനായി ജനിതക പ്രത്യേകതകളുള്ള കൊതുകുകളെ മേഖലയില്‍ വലിയ തോതില്‍ നിക്ഷേപിക്കുകയാണ് ഹവായിയന്‍ സര്‍കാര്‍ ചെയ്യുന്നത്. മലേറിയ പരത്തുന്ന പെണ്‍കൊതുകുകളുടെ പ്രജനനം തടഞ്ഞ് അവയെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യം.

ആഴ്ചയില്‍ ഒരുതവണ എന്ന കണക്കില്‍ 2,50,000 ആണ്‍ കൊതുകുകളെയാണ് അധികൃതര്‍ ഇത്തരത്തില്‍ മലേറിയ പരത്തുന്ന കൊതുകുകള്‍ ഉള്ള സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത്. ഇതുവരെ ഒരു കോടി കൊതുകുകളെ ഇത്തരത്തില്‍ പ്രദേശത്ത് തുറന്നുവിട്ടതായുള്ള കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്‍കോംപറ്റബിള്‍ ഇന്‍സെക്റ്റ് ടെക്നിക് (ഐ ഐ ടി) എന്നാണ് ഈ രീതിയുടെ ശാസ്ത്രീയ നാമം. യുഎസ് നാഷനല്‍ പാര്‍ക് സര്‍വീസും മാവോയി ഫോറസ്റ്റ് ബേര്‍ഡ് റെകവറി പ്രോജക്ടും സംയുക്തമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

ഹണിക്രീപര്‍ വിഭാഗത്തില്‍പെടുന്ന 50-ന് മുകളില്‍ സ്പീഷീസുകളാണ് ഹവായിയന്‍ ദ്വീപുകളില്‍ ഉണ്ടായിരുന്നത്. അവയില്‍ ഇതുവരെ 33 സ്പീഷീസുകള്‍ നാമാവശേഷമായിക്കഴിഞ്ഞു. ബാക്കിയുള്ള 17 സ്പീഷീസുകള്‍ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. അവയെ സംരക്ഷിക്കാനാണ് അധികൃതരുടെ ഈ പെടാപാട്.

‘ഹവായിയന്‍ ഹണിക്രീപറുകളെ സംരക്ഷിക്കാന്‍ നമുക്ക് ഇപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, ഇനി ഒരിക്കലും അതിനുവേണ്ടി ശ്രമിക്കേണ്ടിവരില്ല എന്നതാണ് ദുഃഖകരമായ അവസ്ഥ’ – എന്നാണ് ഇതേകുറിച്ച് മാവോയിയിലെ ഹലെകല നാഷനല്‍ പാര്‍കിലെ ജീവനക്കാരനായ ക്രിസ് വാറണിന്റെ പ്രതികരണം.  

ഹവായിയന്‍ ദ്വീപു സമൂഹങ്ങളിലെ രണ്ടാമത്തെ വലിയ ദ്വീപായ മാവോയിയിലെ ചില കാടുകളില്‍ കഠിനമായ തണുപ്പാണ്. കൊതുകുകള്‍ക്ക് തണുപ്പില്‍ നിലനില്‍പ്പില്ലാത്തതിനാല്‍ ഈ കാടുകളിലാണ് ഹണിക്രീപറുകള്‍ അഭയം പ്രാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആഗോളതാപനത്തിന്റെ ഫലമായി ഈ കാടുകളിലെ തണുപ്പും കുറഞ്ഞുവരുന്നു. ഇതോടെ ഹണിക്രീപറുകള്‍ക്ക് കൊതുകില്‍നിന്നു രക്ഷപ്പെട്ട് താമസിക്കാനാവുന്ന കാടിന്റെ വ്യാപ്തിയും കുറഞ്ഞുവരുന്നു. 

ഇത് വീണ്ടും ഇവയുടെ വംശനാശ ഭീഷണി ഉയര്‍ത്തി. ഇതോടെയാണ് അധികൃതര്‍ വിഷയത്തില്‍ കാര്യമായി ഇടപെടാന്‍ തീരുമാനിച്ചത്. മലേറിയ പരത്തുന്ന കൊതുകുകളെ നശിപ്പിക്കാനും ഹണിക്രീപറുകളെ സംരക്ഷിക്കാനും അധികൃതര്‍ പലവഴികള്‍ നോക്കിയെങ്കിലും അതൊന്നും ഫലംകണ്ടില്ല. ഹണിക്രീപറുകളുടെ പ്രജനനത്തിനായി സംരക്ഷിത മേഖലകള്‍ ഒരുക്കുകയും മരങ്ങള്‍ നടുകയുമൊക്കെ ചെയ്തു. എന്നാല്‍ ഇതൊന്നും വിജയിച്ചില്ല. ഇതോടെയാണ് പുതിയ പരീക്ഷണത്തിനിറങ്ങിയത്.

പ്രജനനം തടയുന്ന വോള്‍ബാകിയ എന്ന ബാക്ടീരിയ ശരീരത്തിലുള്ള കൊതുകുകളെ, മലേറിയ പരത്തുന്ന കൊതുകുകള്‍ ഉള്ള സ്ഥലങ്ങളില്‍ നിക്ഷേപിക്കുകയാണ് അധികൃതര്‍ ഇപ്പോള്‍ ചെയ്യുന്നത്. മലേറിയ പരത്തുന്ന പെണ്‍കൊതുകുകളുമായി ഇവ ഇണചേരുമെങ്കിലും പ്രജനനം നടക്കില്ല. ഇത്തരത്തില്‍ മലേറിയ പരത്തുന്ന കൊതുകളെ മുട്ടയിടുന്നതില്‍ നിന്നും തടഞ്ഞ്, അവയെ പൂര്‍ണമായും ഇല്ലാതാക്കാം എന്നതാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

‘Birds, Not Mosquitoes,’ എന്ന മുദ്രാവാക്യം മുഴക്കിയാണ് ഹവായിയന്‍ സര്‍കാര്‍ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ കൊതുകുകളുടെ പ്രജനനം ഏറ്റവും കൂടുതലായി നടക്കുന്ന വേനല്‍ക്കാലമാകുന്നതോടെയേ പദ്ധതി വിജയിച്ചോ ഇല്ലയോ എന്ന് പറയാനാകൂ എന്നും അധികൃതര്‍ പറയുന്നു.