ഗാസ: റഫയ്ക്ക് വടക്ക് ഇസ്രായേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ കുറഞ്ഞത് 25 പേര് കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീരപ്രദേശത്ത് രണ്ട് സ്ഥലങ്ങളില്‍ ഷെല്ലാക്രമണം നടന്നതായി റഫയിലെ സിവില്‍ ഡിഫന്‍സ് ഫസ്റ്റ് റെസ്പോണ്ടേഴ്സിന്റെ വക്താവ് അഹമ്മദ് റദ്വാന് പറഞ്ഞു. കൂടാരങ്ങള്‍ നിറഞ്ഞ സ്ഥലത്താണ് ഷെല്ലുകള്‍ പതിച്ചത്.
ഒരു ദശലക്ഷത്തിലധികം പാലസ്തീനികള്‍ അഭയം തേടിയ റഫയില്‍ ഇസ്രായേല്‍ സൈനിക നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വേണ്ടത്ര ഭക്ഷണമോ വെള്ളമോ മെഡിക്കല്‍ സപ്ലൈകളോ ഇല്ലാതെ കുടുംബങ്ങള്‍ ടെന്റുകളിലും ഇടുങ്ങിയ അപ്പാര്‍ട്ടുമെന്റുകളിലും അഭയം പ്രാപിച്ചിക്കുന്നതിനാല് ഗാസയില്‍ ഒരു സ്ഥലവും സുരക്ഷിതമല്ലെന്നും മാനുഷിക സാഹചര്യങ്ങള്‍ ഭയാനകമാണെന്നും യുഎന്‍ പറയുന്നു.
ഹമാസ് അംഗങ്ങളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും സിവിലിയന്‍ മരണങ്ങള് പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഇസ്രായേല്‍ പറയുന്നു. ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധം ഒമ്പതാം മാസത്തിലെത്തിയിരിക്കെ ഇസ്രായേലിന്റെ സൈനിക നടപടിക്കെതിരെ അന്താരാഷ്ട്ര വിമര്‍ശനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗാസയില്‍ ‘വംശഹത്യയ്ക്ക് സാധ്യതയുണ്ടെന്ന്’ ഐക്യരാഷ്ട്രസഭയുടെ ഉന്നത കോടതി നിരീക്ഷിച്ചു. ഈ ആരോപണം ഇസ്രായേല്‍ ശക്തമായി നിഷേധിക്കുന്നു.



