ന്യൂയോർക്ക്: ലോംഗ് ഐലൻഡിലെ മുൻനിര സിപിഎയായ എബ്രഹാം ഫിലിപ്പ് ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. ന്യൂയോർക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരള സെന്റർ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് എബ്രഹാം ഫിലിപ്പിനെ എൻഡോഴ്സ് ചെയ്തിരിക്കുന്നത്.
ഫോമാ സ്ഥാപിതമായ വർഷം മുതൽ ഫോമയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് എബ്രഹാം. ഫോമയുടെ ആരംഭകാലമായ 2008 മുതൽ 2018 വരെ പത്തു വർഷക്കാലം ഫോമയുടെ ഓഡിറ്ററായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
സേവന മനസ്ഥിതിയുള്ള ഫിലിപ്പ് ഫോമയ്ക്ക് നല്ല ഒരു മുതൽക്കൂട്ടായിരിക്കും എന്നതിനാലാണ് നാമനിർദേശം ചെയ്യുന്നത് എന്ന് കേരള സെന്റർ അറിയിച്ചു. വോട്ടവകാശമുള്ള എല്ലാ ഫോമാ അംഗങ്ങളും അദ്ദേഹത്തെ പിന്തുണയ്ക്കണമെന്ന് അഭ്യർഥിക്കുന്നതായി കേരള സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ വ്യക്തമാക്കി.
ന്യൂയോർക്ക് മെട്രോ റീജിയണിന്റെ ദീർഘകാല സജീവ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കെെയഴിഞ്ഞു സഹായിക്കുന്ന വ്യക്തിയുമാണ് എബ്രഹാം. ഫോമാ ഏതു പ്രോജക്ടുകൾ മുൻപോട്ടു കൊണ്ടുവന്നാലും അതിന്റെ ഗുണങ്ങൾ ഉപഭോക്താവിന് ലഭിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനും നടപ്പിലാക്കുന്ന വ്യക്തിയാണ് എബ്രഹാം.



