ന്യൂയോര്‍ക്ക്: കഴിഞ്ഞയാഴ്ച ക്വീന്‍സ് പാര്‍ക്കില്‍ 13 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇക്വഡോറില്‍ നിന്നുള്ള കുടിയേറ്റക്കാരനായ ക്രിസ്റ്റ്യന്‍ ജിയോവാനി ഇംഗ-ലാന്‍ഡി എന്ന 25 കാരനാണ് പിടിയിലായത്. 

പോലീസ് പുറത്തുവിട്ട ഫോട്ടോയില്‍ നിന്നും വീഡിയോയില്‍ നിന്നും കമ്മ്യൂണിറ്റി അംഗങ്ങള്‍ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ഒറ്റരാത്രികൊണ്ട് ഇയാളെ പിടികൂടിയതായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. 2021 ജൂണില്‍ യുഎസില്‍ അനധികൃതമായി കുടിയേറിയ വ്യക്തിയാണ് ഇയാള്‍.

താന്‍ ലഹരി മരുന്നിന് അടിമയാണെന്നും മുമ്പ് കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും ഇംഗ-ലാന്‍ഡി പോലീസിനോട് പറഞ്ഞെന്ന് എന്‍വൈപിഡി ചീഫ് ഓഫ് ഡിറ്റക്റ്റീവ് ജോ കെന്നി പറഞ്ഞു.

അനധികൃതമായി രാജ്യത്തേക്ക് കടന്നതിന് ടെക്സസിലെ ഈഗിള്‍ പാസില്‍ ഇയാള്‍ മുമ്പ് അറസ്റ്റിലായിരുന്നു. ഫസ്റ്റ്-ഡിഗ്രി ബലാത്സംഗം,  ലൈംഗിക ദുരുപയോഗം, കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍, നിയമവിരുദ്ധമായ തടവ്, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയാണ് ഇംഗ-ലാനിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ലൈംഗികാതിക്രമം നടന്നത്. സഹപാഠികളായ 13 വയസ്സുള്ള ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും വലിയ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ഒരു വനപ്രദേശത്തേക്ക് അക്രമി കൊണ്ടുപോകുകയായിരുന്നു. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കൈകള്‍ ഷൂലേസ് കൊണ്ട് ബന്ധിക്കുകയും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപെട്ടു.