ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനം ഉപതിരഞ്ഞെടുപ്പിന് അഭിമുഖീകരിക്കാൻ തയ്യാറെടുക്കുകയാണ്. തങ്ങൾക്കേറ്റ പരാജയം വിലയിരുത്താൻ സിപിഎം ഉന്നത സമിതിയിൽ ചർച്ചകൾ നടക്കുമ്പോൾ തൃശൂരിലെ വോട്ട് ചോർച്ചയും ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവും ചർച്ച ചെയ്യാൻ തയ്യാറെടുക്കുകയാണ് യുഡിഎഫ്. നാളെ തിരുവനന്തപുരത്തുവെച്ച് കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങള്‍ ചേരും.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ആദ്യമാണ് കോണ്‍ഗ്രസ് യുഡിഎഫ് യോഗങ്ങള്‍ ചേരുന്നത്. തൃശ്ശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ തോല്‍വി വിശദമായി ചര്‍ച്ച ചെയ്യും. വോട്ട് ചോര്‍ച്ചയുടെ കാരണം കണ്ടെത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ ശ്രമം. തൃശൂരിലെ തോൽവിക്ക് പിന്നാലെ ജില്ലാ നേതൃത്വത്തിൽ കടുത്ത വിഭാഗീയതയും തമ്മിൽ തല്ലുമെല്ലാം കോൺഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു. കെ മുരളീധരൻ കുറച്ച് നാളത്തേയ്ക്ക് മാറി നിൽക്കുമെന്നുകൂടി പ്രഖ്യാപിച്ചതോടെ അണികളിലും ഇത് പ്രതിഫലിച്ചു.
മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും ഫലം വിശദമായി പരിശോധിക്കും. ഇനി മത്സര രംഗത്തേയ്ക്കില്ലെന്ന് പറഞ്ഞ് പിന്മാറിയെങ്കിലും മുരളീധരനെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.



