ഒറ്റ ദിവസം കൊണ്ട് ചെന്നൈ, പട്‌ന, ജയ്പൂർ എന്നിവയുൾപ്പെടെ 41 വിമാനത്താവളങ്ങൾക്ക് ബോംബ് ഭീഷണി(Bomb threat). ഇതോടെ അടിയന്തര നടപടികൾ സ്വീകരിക്കാനും മണിക്കൂറുകളോളം നീണ്ടുനിന്ന അട്ടിമറി വിരുദ്ധ പരിശോധനകൾ നടത്താനും അധികൃതർ നിർബന്ധിതരായി.  പിന്നാലെ ഈ ഇ-മെയിലുകളെല്ലാം വ്യാജമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

ഉച്ചയ്ക്ക് 12.40 ഓടെ exhumedyou888@gmail.com എന്ന ഐഡിയിൽ നിന്ന് ഇമെയിലുകൾ ലഭിച്ചതിനെ തുടർന്നാണ് ഏജൻസികൾ ടെർമിനലുകൾ അരിച്ചുപെറുക്കി സുരക്ഷ ശക്തമാക്കിയത്. ചെന്നൈ, പട്‌ന, നാഗ്പൂർ, ജയ്പൂർ, വഡോദര, കോയമ്പത്തൂർ, ജബൽപൂർ എന്നീ വിമാനത്താവളങ്ങളിലാണ് ഇ-മെയിൽ ഭീഷണി ലഭിച്ചത്. കെഎൻആർ എന്ന ഓൺലൈൻ ഗ്രൂപ്പാണ് ഈ വ്യാജ ഭീഷണി ഇമെയിലുകൾക്ക് പിന്നിലെന്ന് സംശയിക്കുന്നു. മെയ് ഒന്നിന് ഡൽഹി-ദേശീയ തലസ്ഥാന മേഖലയിലെ നിരവധി സ്‌കൂളുകൾക്ക് ഗ്രൂപ്പ് സമാനമായ ഇമെയിലുകൾ നൽകിയതായി വൃത്തങ്ങൾ അറിയിച്ചു.

എയർപോർട്ടുകൾക്ക് ലഭിച്ച ഇമെയിലുകളിൽ ഏതാണ്ട് സമാനമായ സന്ദേശം ഉണ്ടായിരുന്നു: “ഹലോ, എയർപോർട്ടിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരിക്കുന്നു. ബോംബുകൾ ഉടൻ പൊട്ടിത്തെറിക്കും. നിങ്ങൾ എല്ലാവരും മരിക്കും.”