ഇറ്റാലിയന്‍ തീരത്തിന് സമീപം നടന്ന രണ്ട് വ്യത്യസ്ത കപ്പല്‍ അപകടങ്ങളില്‍ 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധിപേരെ കാണാതായി. കുടിയേറ്റക്കാര്‍ യാത്ര ചെയ്തിരുന്ന കപ്പലുകളാണ് അപകടത്തില്‍പെട്ടത്. ലിബിയയില്‍ നിന്നും തുര്‍കിയില്‍ നിന്നും പുറപ്പെട്ട കുടിയേറ്റക്കാരാണ് ബോടിലുണ്ടായിരുന്നതെന്ന് യുഎന്‍ ഏജന്‍സികള്‍ അറിയിച്ചു.

തിങ്കളാഴ്ച (17.06.2024) നാദിര്‍ എന്ന തടി കപ്പലില്‍ രക്ഷാപ്രവര്‍ത്തകര്‍ 10 മൃതദേഹങ്ങള്‍ കണ്ടെത്തി. തുനീസിയയില്‍നിന്ന് പുറപ്പെട്ടതായി കരുതുന്ന ഈ കപ്പലിലെ 51 പേരെ രക്ഷിച്ചതായി ജര്‍മന്‍ രക്ഷാപ്രവര്‍ത്തകരായ റെസ്‌ക്യു ഷിപ് അറിയിച്ചു. ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയില്‍നിന്ന് 40 മൈല്‍ തെക്ക് ഭാഗത്തായിരുന്നു അപകടം.

സിറിയ, ഈജിപ്ത്, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുമായി ലിബിയയില്‍ നിന്ന് പുറപ്പെട്ട ബോടാണ് അപകടത്തില്‍പെട്ടതെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്‌സിആറും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനും (ഐഒഎം) യുഎന്‍ കുട്ടികളുടെ ഏജന്‍സിയായ യുനിസെഫ് എന്നിവരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

അതേ ദിവസം നടന്ന മറ്റൊരു അപകടത്തില്‍, 60-ലധികം ആളുകളെ കാണാതായതായി റിപോര്‍ട് ചെയ്യപ്പെട്ടു, അവരില്‍ 26 പേര്‍ കുട്ടികളാണെന്ന് മെഡെസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് (എംഎസ്എഫ്) പറഞ്ഞു.

തെക്കന്‍ ഇറ്റലിയിലെ കാലാബ്രിയ തീരത്തുനിന്ന് 100 മൈല്‍ അകലെ അയോണിയന്‍ കടലില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ കപ്പല്‍ അപകടത്തിലാണ് 26 കുട്ടികളടക്കം 66 പേരെ കാണാതായത്. 12 പേരെ അതുവഴി പോയ ചരക്കുകപ്പലില്‍ രക്ഷിച്ച് തുറമുഖത്തെത്തിച്ചു. ഇവരില്‍ അവശനിലയിലായിരുന്ന ഒരു സ്ത്രീ പിന്നീട് മരിച്ചു. ഇത് തുര്‍കിയില്‍നിന്ന് പുറപ്പെട്ട കപ്പലായിരുന്നുവെന്നാണ് സൂചന.

ലോകത്തിലെ ഏറ്റവും മാരകമായ കുടിയേറ്റ പാതയാണ് മെഡിറ്ററേനിയന്‍ കടലിടുക്കുകള്‍. യുഎന്‍ കണക്കുകള്‍ പ്രകാരം 2014 മുതല്‍ 23,500-ലധികം കുടിയേറ്റക്കാര്‍ വെള്ളത്തില്‍ വീണ് മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.