ഫ്ളോറിഡ: മാതാപിതാക്കളെ വെടിവെച്ചു കൊന്ന കൗമാരക്കാരന് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ക്രിസ്റ്റോസ് അലക്സാണ്ടര്‍ തെമെലിസ് എന്ന 19 കാരനാണ് സ്വന്തം വീട്ടില്‍ വെച്ച് തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ഫ്ളോറിഡയിലെ വീടിനുള്ളില്‍ വെച്ചാണ് പിതാവ് ക്രിസ്റ്റോസ് ബൈറോണ്‍ തെമെലിസിനെ (51) വെടിവെച്ചു കൊന്നത്. പൊലീസ് എത്തിയ ശേഷം അവരുടെ മുന്നില്‍ വെച്ച് വീടിന്റെ മുന്‍വശത്തെ പുല്‍ത്തകിടിയില്‍ അമ്മ റെബേക്ക ആന്‍ തെമെലിസിനെയും (48) കൊലപ്പെടുത്തി.
മകന് തന്റെ ഭര്‍ത്താവിനെ വെടിവെച്ചുകൊന്നതായി തെമെലിസിന്റെ അമ്മ 911 ല്‍ വിളിച്ചറിയിക്കുകയായിരുന്നു. കോള്‍ ലഭിച്ചയുടന്‍ ഡെപ്യൂട്ടികള്‍ തെമെലിസിന്റെ വസതിയിലേക്ക് എത്തിയെന്ന് ഷെരീഫ് ചാഡ് ക്രോണിസ്റ്റര്‍ പറഞ്ഞു.
ടാമ്പയിലെ കാക്റ്റസ് റെന്‍ പ്ലേസിലെ വീട്ടില്‍ എത്തിയ പോലീസ് കൗമാരക്കാരന്റെ അമ്മയോട് അവരുടെ അടുത്തേക്ക് നടക്കാന്‍ ഉപദേശിച്ചു. ഇതോടെ മുന്‍വശത്തെ മുറ്റത്ത് നിന്ന അമ്മയുടെ തലയ്ക്ക് പിന്നില്‍ മകന് വെടിവെക്കുകയായിരുന്നു. തുടര്‍ന്ന്, പൊലീസിന് നേരെയും ഇയാള്‍ വെടിവെച്ചു.
ഡെപ്യൂട്ടി ഷെയ്ന് മക്കോഫിന്റെ (26) കാലിന് വെടിയേറ്റു. സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചു. അതേസമയം, മറ്റ് നാല് ഉദ്യോഗസ്ഥരുമായുള്ള ക്രോസ് ഫയറിനിടെ തെമെലിസിനും ഗുരുതരമായി പരിക്കേറ്റു. വീട്ടിനുള്ളിലേക്ക് കയറി തെമെലിസ് കതകടച്ചു.
പിന്നാലെ എത്തിയ സ്വാറ്റ് സംഘം അകത്തേക്ക് ഇരച്ചുകയറിയപ്പോള്‍, യുവാവും പിതാവം ഉള്ളില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തി.



