മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു. കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക.

പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്ബ് ജൂണ്‍ 24-ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് മുമ്ബാകെ രാഷ്ട്രപതി ഭവനില്‍ വെച്ച്‌ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതു വരെ സ്പീക്കറുടെ ചുമതലകള്‍ നിർവഹിക്കുന്നത് കൊടിക്കുന്നിലാകും.

1989ല്‍ അടൂർ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കൊടിക്കുന്നില്‍ സുരേഷ് ആദ്യമായി മത്സരിച്ചത്. 1989, 91, 96, 99 വർഷങ്ങളില്‍ അടൂരില്‍നിന്ന് ലോക്‌സഭയിലെത്തി. 1998, 2004 തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട അദ്ദേഹം 2009, 2014, 2019, 2024 വർഷങ്ങളില്‍ മാവേലിക്കരയുടെ പ്രതിനിധിയായി. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് തൊഴില്‍ സഹമന്ത്രിയായിരുന്നു.