സമരപരമ്പരകളിലൂടെ പേരുകേട്ട പാലക്കാട് പ്ലാച്ചിമടയിലെ കോക്ക കോള കമ്പനിയുടെ ഫാക്ടറി കെട്ടിടം ഉൾപ്പെടെയുള്ള 36.7 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിനു കൈമാറി. മന്ത്രി കെ.കൃഷ്ണൻകുട്ടി, ആർഡിഒ എസ്.ശ്രീജിത്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നലെ ഫാക്ടറിയിൽ വെച്ചാണ് രേഖകൾ കൈമാറിയത്. ഭൂമി വിട്ടൊഴിയൽ നിയമപ്രകാരമാണ് സ്ഥലം കെെമാറിയത്.
ആദിവാസികൾക്കും കർഷകർക്കും വരുമാനവും ശുദ്ധജലവും ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കണമെന്ന ഉപാധിയോടെയാണു സ്ഥലം സൗജന്യമായി കൈമാറിയത്. ഭൂമി റവന്യു വകുപ്പിൻ്റെ രേഖകളിലായതോടെ ഇനി സർക്കാരാണ് എന്തു പദ്ധതി നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടത്.
ഭൂമി ഏറ്റെടുക്കുന്നതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി മാർച്ചിൽ റവന്യൂവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയിരുന്നു.
ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ 2000ത്തിലാണ് പ്ലാച്ചിമടയിൽ കോക്ക കോള ഫാക്ടറി പ്രവർത്തനമാരംഭിച്ചത്. സംസ്ഥാനത്തേക്കു കൂടുതൽ വിദേശനിക്ഷേപം എത്തിച്ചു തൊഴിലവസരങ്ങളും വികസനവും ഉറപ്പാക്കാൻ, സർക്കാർ ക്ഷണമനുസരിച്ചായിരുന്നു കമ്പനിയുടെ വരവ്. എന്നാൽ, ഫാക്ടറി ആരംഭിച്ച് അധികം വൈകാതെ പ്രദേശത്തു പരിസ്ഥിതി പ്രശ്നങ്ങൾ അനുഭവപ്പെട്ടുതുടങ്ങി.
2002 ഏപ്രിൽ 22ന് ആരംഭിച്ച ജനകീയസമരം ദേശീയതലത്തിൽ ചർച്ചയായിരുന്നു. വർഷങ്ങൾ നീണ്ട സമരവും നിയമപോരാട്ടവും ഫാക്ടറി അടച്ചുപൂട്ടുന്നതിലാണ് അവസാനിച്ചത്.
പ്ലാച്ചിമടയിലെ ദുരിതബാധിതർക്കു നഷ്ടപരിഹാരം നൽകാനുള്ള നടപടികളും വൈകുകയാണ്. നിയമസഭ പാസാക്കിയ നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ രണ്ടു തവണ കേന്ദ്രം തള്ളിയിരുന്നു.



