പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതി പോലീസ് കസ്റ്റഡിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി എട്ടരയോടെയാണ് പെണ്‍കുട്ടി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. ഇതിനുശേഷം പെണ്‍കുട്ടിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ഡല്‍ഹിയില്‍ നിന്നാണ് യുവതി കൊച്ചിയിലേക്ക് എത്തിയതെന്നാണ് വിവരം. യുവതി അവസാനമായി വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത് ഡല്‍ഹിയില്‍ നിന്നായിരുന്നു. സൈബര്‍ സെല്ലിൻ്റെ അന്വേഷണത്തിലാണ് യുവതി വീഡിയോ ഇട്ടത് ഡല്‍ഹിയില്‍ നിന്നാണെന്ന സൂചന പൊലീസിന് ലഭിച്ചത്.
പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും പിന്നീട് തിരുത്തിപ്പറഞ്ഞതും. ബന്ധുക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ആരുടെയോ സമ്മര്‍ദനത്തിനു വഴങ്ങിയാണ് പെണ്‍കുട്ടി മൊഴി മാറ്റിയതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞത്.



