തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വന്നശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ജി7 ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നത് ഇത് അഞ്ചാം തവണയാണ്. ആതിഥേയ രാജ്യമായ ഇറ്റലിയുടെ ക്ഷണപ്രകാരമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നത്.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷമുള്ള തന്റെ ആദ്യ സന്ദര്‍ശനം ഇറ്റലിയിലേക്കാണ് എന്നതില്‍ സന്തോഷമുണ്ടെന്നും സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം നിലനിര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പുറപ്പെടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. നാളെയാണ് പ്രധാനമന്ത്രിയും മാര്‍പാപ്പയും കാണുക. അമേരിക്ക, യുക്രൈന്‍, ഫ്രാന്‍സ് രാജ്യതലവന്‍മാരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. 2021 ല്‍ വത്തിക്കാനില്‍ വെച്ച്‌ മോദി മാര്‍പാപ്പയെ കണ്ടിരുന്നു.

കാനഡ, ഫ്രാന്‍സ്‌, യു.എസ്‌., യു.കെ., ജര്‍മനി, ജപ്പാന്‍, ഇറ്റലി എന്നീ ഏഴു വികസിത രാജ്യങ്ങളോടൊപ്പം യൂറോപ്യന്‍ യൂണിയനും ഉച്ചകോടിയില്‍ പങ്കെടുക്കും. ജൂണ്‍ 13 മുതല്‍ 15 വരെ ഇറ്റലിയിലെ അപുലിയയിലുള്ള ബോർഗോ എഗ്നാസിയ റിസോർട്ടിലാണ് ജി 7 ഉച്ചകോടി ചേരുക. റഷ്യ -യുക്രൈൻ യുദ്ധവും ഇസ്രായേല്‍-ഗാസ സംഘർവും ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചർച്ചയാകുമെന്നാണ് സൂചന.