സംഭവത്തില്‍ അഞ്ച് ട്രഷറി ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാൻ, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. മരിച്ചവരുടെ അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയതായി ധനവകുപ്പിലെ പരിശോധനസംഘം കണ്ടെത്തി. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ശ്രീകാര്യം ചെറുവക്കല്‍ സ്വദേശി എം. മോഹനകുമാരിയുടെ അക്കൗണ്ടില്‍നിന്നുമാത്രം രണ്ടരലക്ഷം രൂപയാണ് നഷ്ടമായത്. ഇവർ കഴക്കൂട്ടം സബ് ട്രഷറി ഓഫിസർക്കും പൊലീസിലും പരാതി നല്‍കി. ജൂണ്‍ മൂന്ന്, നാല് തീയതികളിലാണ് പണം പിൻവലിച്ചത്. മൂന്നിന് രണ്ട് ലക്ഷം രൂപയും നാലിന് 50,000 രൂപയും പിൻവലിച്ചു. പണം പിൻവലിച്ചത് വ്യാജ ചെക്ക് ഉപയോഗിച്ചാണെന്ന് കണ്ടെത്തി.
കഴിഞ്ഞമാസം പുതിയ ചെക്ക് ബുക്ക് നല്‍കിയെന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം. എന്നാല്‍, ചെക്ക് ബുക്കിന് താൻ അപേക്ഷ നല്‍കിയിരുന്നിെല്ലന്നും പുതിയ ചെക്കിലെ ഒപ്പ് വ്യാജമാണെന്നും മോഹനകുമാരി പറയുന്നു. ട്രഷറിയില്‍ പണം പിൻവലിക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായതത്രെ. ഇവരുടെ പരാതിയില്‍ നടന്ന പരിശോധനയിലാണ് മരണപ്പെട്ട രണ്ടുപേരുടെ അക്കൗണ്ടില്‍നിന്ന് പണം കവർന്നത് ശ്രദ്ധയില്‍പെട്ടത്.

മരണപ്പെട്ട ഗോപിനാഥൻ നായരുടെ അക്കൗണ്ടില്‍ നിന്ന് 6,70,000 രൂപയും മരണപ്പെട്ട സുകുമാരന്‍റെ അക്കൗണ്ടില്‍ നിന്ന് 2,90,000 രൂപയുമാണ് തട്ടിയെടുത്തത്. ട്രഷറിയിലെ സി.സി ടി.വി കാമറ ഓഫ് ചെയ്തതിനുശേഷമാണ് പണംതട്ടല്‍ എന്ന് കണ്ടെത്തി. കൂടുതല്‍പേരില്‍നിന്ന് പണം തട്ടിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.