ഹൈദരാബാദ്: കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് തമിഴ് സൂപ്പര്‍താരം രജനികാന്തിനെതിരെ തെലുങ്ക് നടിയും രാഷ്ട്രീയ നേതാവുമായ റോജ രംഗത്ത് എത്തിയത്. നന്ദമുരി താരക രാമ റാവുവിന്റെ(എൻടിആർ) നൂറ് വർഷങ്ങൾ എന്ന പരിപാടിയില്‍ പങ്കെടുത്ത് രജനി നടത്തിയ പ്രസംഗത്തിനെതിരെയാണ് ആന്ധ്രപ്രദേശിലെ അന്നത്തെ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവായ റോജ വിമര്‍ശിച്ചത്. തെലുങ്ക് ജനതയുടെ മനസില്‍ രജനി വളരെ ഉന്നതിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെറും സീറോയായി എന്നാണ് രജനിയെ റോജ കളിയാക്കിയത്.
എന്നാല്‍ അത് ഇതില്‍ കൂടുതല്‍ പ്രതികരണം നടത്താതിരുന്ന രജനികാന്ത് അന്നത്തെ അപമാനത്തിന് ഒരു വര്‍ഷത്തിന് ശേഷം പകരം വീട്ടിയെന്നാണ് രജനി ആരാധകര്‍ പറയുന്നത്. അന്ന് പ്രതിപക്ഷ കക്ഷിയായ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിട്ടതും പ്രസംഗിച്ചതുമാണ് റോജയെ പ്രകോപിപ്പിച്ചതെങ്കില്‍ അതേ ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേദിയില്‍ രജനി ഇടം പിടിച്ചു.
ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു സർക്കാർ ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാവിലെ 11:27 നായിരുന്നു നായിഡുവിന്റേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, രജനികാന്തും ചിരഞീവിയുമടക്കം സിനിമാതാരങ്ങളും ചടങ്ങിനെത്തിയിരുന്നു.



