മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ സുരക്ഷാ സേന കണ്ടെടുത്തു. 9 എംഎം കാർബൈൻ തോക്ക്, ഒരു ടിയർ ഗൺ, മോർട്ടാർ, വെടിമരുന്ന്, മറ്റ് യുദ്ധസമാനമായ സാധനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്.

അസം റൈഫിൾസും അതിർത്തി സുരക്ഷാ സേനയും ചുരാചന്ദ്പൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശേഖരം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. പിടിച്ചെടുത്തവ കൂടുതൽ അന്വേഷണത്തിനായി ചുരാചന്ദ്പൂർ പോലീസിന് കൈമാറി.

അതേസമയം പട്ടികവർഗ (എസ്ടി) പദവി ആവശ്യപ്പെട്ട് മെയ്തേയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ട് അഞ്ച് മാസത്തിന് ശേഷവും മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. മെയ് മൂന്നിന് ആരംഭിച്ച അക്രമത്തിൽ ഇതുവരെ 180-ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൊബൈൽ ഡാറ്റ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത് ഒക്ടോബർ 16 വരെ നീട്ടിയതായി മണിപ്പൂർ സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മെയ് മൂന്നിന് അക്രമം ആരംഭിച്ചതിനെ തുടർന്നാണ് ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചത്. സെപ്റ്റംബർ 23 ന് ഇത് പുനഃസ്ഥാപിച്ചു.

എന്നാൽ കാണാതായ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സെപ്റ്റംബർ 26 ന് വീണ്ടും നിരോനം ഏർപ്പെടുത്തി. ഈ ചിത്രങ്ങൾ ഇംഫാൽ താഴ്വരയിൽ  വീണ്ടും പ്രക്ഷോഭമുണ്ടാകാൻ കാരണമായി.

മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനവും ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്. നാഗകളും കുക്കികളും ഉൾപ്പെടുന്ന ഗോത്രവർഗക്കാർ 40 ശതമാനവും മലയോര ജില്ലകളിലും താമസിക്കുന്നു.