ഹമാസ് ഭീകരർ കൊന്നു കത്തിച്ച കുഞ്ഞിന്റെ ഭയാനകമായ ചിത്രങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ സന്ദർശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചിത്രങ്ങൾ പങ്കുവച്ചതായി ഇസ്രായേൽ സർക്കാർ അവകാശപ്പെട്ടു. ചിത്രങ്ങളിൽ കുഞ്ഞുങ്ങളുടെ കത്തിക്കരിഞ്ഞ ശരീരങ്ങൾ വ്യക്തമാണ്. ഹമാസ് ഭീകരരാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് ഇസ്രായേൽ ആരോപിച്ചു. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് (ട്വീറ്റർ ) അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

“പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി പങ്കുവച്ച ചില ചിത്രങ്ങൾ ഇതാ… ഹമാസ് രാക്ഷസന്മാർ കൊന്നു കത്തിച്ച കുഞ്ഞുങ്ങളുടെ ഭയാനകമായ ചിത്രങ്ങളിലാണിത്. ഹമാസ് മനുഷ്യത്വരഹിതമാണ്, ഹമാസ് ഐഎസ്ഐഎസാണ്.” -എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ഹമാസ് ഭീകരർ കൊലപ്പെടുത്തിയ 40 ഓളം കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ഇസ്രായേൽ പ്രതിരോധ സേന കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേലിൽ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭയാനകമായ അക്രമണമാണിതെന്ന് i24 ന്യൂസ് ജേണലിസ്റ്റ് നിക്കോൾ സെഡെക് ഇന്ത്യാ ടുഡേയോട് പറഞ്ഞു.
എന്നാൽ ഹമാസ് ഭീകരർ കൊലപ്പെടുത്തിയ കുഞ്ഞുങ്ങളുടേതായി പ്രചരിക്കുന്ന ചിത്രങ്ങൾ ബൈഡനും മറ്റ് യുഎസ് ഉദ്യോഗസ്ഥരും കണ്ടിട്ടില്ലെന്നും, ഈ റിപ്പോർട്ട് യു എസ് സ്ഥിരീകരിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വക്താവ് നടത്തിയ മാധ്യമ റിപ്പോർട്ടുകളുടെയും അവകാശവാദങ്ങളുടെയും അടിസ്ഥാനത്തിലാണ് യുഎസ് പ്രസിഡന്റിന്റെ പരാമർശമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വൈറ്റ് ഹൗസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഹമാസ് കൊലപ്പെടുത്തിയെന്ന് പറയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ഇസ്രായേൽ സർക്കാർ പുറത്തുവിട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ടെന്ന് ഇസ്രായേൽ അറിയിച്ചു.



