കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരൻ അർഷ് ദല്ലയുടെ രണ്ട് കൂട്ടാളികളെ അറസ്‌റ്റ് ചെയ്‌ത്‌ ഡൽഹി പോലീസ്. പഞ്ചാബിലെ മോഗയിൽ അടുത്തിടെ നടന്ന ഒരു കോൺഗ്രസ് നേതാവിന്റെയും സർപഞ്ചിന്റെയും കൊലപാതകത്തിൽ ഇരുവർക്കും പങ്കുണ്ടായിരുന്നു. കൊലപാതകങ്ങളുടെ ഉത്തരവാദിത്തം അർഷ് ദല്ല ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.

സംഭവത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലിന് ശേഷമാണ് കിഷനും ഗുർബിന്ദറും പിടിയിലായത്. മേഖലയിലെ സംഘടിത കുറ്റകൃത്യങ്ങളും ഭീകര പ്രവർത്തനങ്ങളും തടയാൻ ലക്ഷ്യമിട്ട് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ നടത്തിയ ഓപ്പറേഷന്റെ ഭാഗമായാണ് അറസ്‌റ്റ്. പിടിയിലാകുമ്പോൾ ഗ്രനേഡ്, ഒരു പിസ്‌റ്റൾ, അഞ്ച് വെടിയുണ്ടകൾ എന്നിവ ഇരുവരുടെയും പക്കൽ നിന്ന് കണ്ടെത്തി.

സെപ്റ്റംബർ 18ന് പഞ്ചാബിലെ മോഗ ജില്ലയിലെ വസതിയിൽ വച്ചാണ് പ്രാദേശിക കോൺഗ്രസ് നേതാവ് ബൽജീന്ദർ സിംഗ് ബല്ലി വെടിയേറ്റ് മരിച്ചത്. അജ്ഞാതരായ അക്രമികൾ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബല്ലിയുടെ വസതിക്ക് പുറത്ത് സ്ഥാപിച്ച സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. അജിത്വാളിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട ബൽജീന്ദർ സിംഗ് ബല്ലി.

പിന്നീട് ഫെയ്‌സ്ബുക്ക് പോസ്‌റ്റിലൂടെ അർഷ് ദല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. ബൽജീന്ദർ സിംഗ് ബല്ലി തന്റെ ഭാവി നശിപ്പിച്ചെന്നും ഗുണ്ടാ സംസ്‌കാരത്തിലേക്ക് തന്നെ നയിച്ചെന്നും ദല്ല തന്റെ പോസ്‌റ്റിൽ ആരോപിച്ചു. തന്റെ അമ്മയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതിന് പിന്നിൽ കോൺഗ്രസ് നേതാവാണെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അർഷ് ദല്ല വ്യക്തമാക്കി.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിരയുന്ന തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെട്ട ആളാണ് അർഷ് ദല്ല. കഴിഞ്ഞ മൂന്നോ നാലോ വർഷമായി കാനഡയിൽ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിക്കുന്നത്. പഞ്ചാബിൽ നടന്ന നിരവധി കൊലപാതകങ്ങളിൽ ദല്ലയ്ക്ക് പങ്കുണ്ടായിരുന്നു.