തിരുവനന്തപുരം: വന്ദേ ഭാരത് ഉൾപ്പെടെയുള്ള ജനപ്രിയ ട്രെയിൻ സർവീസുകൾക്ക് വലിയ സ്വീകാര്യതയാണ് കേരളത്തിൽ ലഭിക്കുന്നത്. രണ്ടാം വന്ദേ ഭാരത് സർവീസ് ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. നിറയെ യാത്രക്കാരുമായിട്ടാണ് തിരുവനന്തപുരം – കാസർകോട് രണ്ടാം വന്ദേ ഭാരത് സർവീസ് നടത്തുന്നത്. ആലപ്പുഴ വഴി കടന്നുപോകുന്നതിനാൽ കൂടുതൽ യാത്രക്കാരെ സ്വന്തമാക്കാനാകുന്നുണ്ട്. മിക്ക ദിവസവും ടിക്കറ്റുകൾ ലഭിക്കാത്ത അവസ്ഥയാണുള്ളത്.

രണ്ടാം വന്ദേ ഭാരത് ട്രെയിൻ കൂടി സർവീസ് ആരംഭിച്ചതോടെ മറ്റ് ട്രെയിനുകൾ വൈകുന്നുവെന്ന പരാതി വ്യാപകമാണ്. വന്ദേ ഭാരത് ട്രെയിനുകൾ കടന്നുപോകുന്നതിനായി മറ്റ് ട്രെയിനുകൾ യാത്രയ്ക്കിടെ പിടിച്ചിടുന്നതാണ് തിരിച്ചടിയാകുന്നത്. വന്ദേ ഭാരത് ട്രെയിനുകൾ കടന്നുപോകുന്നതിനായി മറ്റ് ട്രെയിനുകൾ 20 മിനിറ്റ് മുതൽ 40 മിനിറ്റുവരെ പിടിച്ചിടുകയാണെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഈ സാഹചര്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാൽ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചിരുന്നു.

ഇതിനിടെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകി. ആറ് ജില്ലകളിലായിട്ടാണ് പാലങ്ങൾ നിർമിക്കുക. സ്ഥലം ഏറ്റെടുക്കുന്നതിനും പാലം നിർമാണത്തിനുമായി 77.65 കോടി രൂപ ചെലവ് വരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾക്കാണ് ഈ തുക അനുവദിച്ചത്.

പദ്ധതിക്കായി 48.38 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. 34.26 കോടി രൂപകൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിർവഹണ ഘട്ടത്തിലേക്ക് കടക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ആറ് ജില്ലകളിലായിട്ടാണ് പതിനൊന്ന് റെയിൽവേ പാലങ്ങൽ നിർമിക്കുന്നത്. കണ്ണൂർ കണ്ണപുരം, ചെറുകുന്ന്, മുഴപ്പുലങ്ങാട് ബീച്ച്, മുക്കം, തൃശൂർ വേലക്കുട്ടി – ആറ്റൂർ ഗേറ്റ്, ഒല്ലൂർ, കോഴിക്കോട് വെള്ളയിൽ, കോട്ടയം കോതനെല്ലൂർ, കൊല്ലം ഇടകുളങ്ങര, പോളയത്തോട്, തിരുവനന്തപുരം അഴൂർ എന്നിവടങ്ങളിലാണ് റെയിൽവേ മേൽപ്പാലം നിർമിക്കുക.

ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിൽ നിരവധി കൂറ്റൻ റെയിൽവേ പാലങ്ങളാണ് നിർമിക്കുന്നത്. പതിമൂന്ന് മേൽപ്പാലങ്ങൾ ഒരു വർഷത്തിനുള്ളിൽ തുറന്നുകൊടുക്കും. 251.48 കോടി രൂപ ചെലവിലാണ് ഈ 13 മേൽപ്പാലങ്ങളും നിർമിക്കുന്നത്. ഒമ്പതെണ്ണം കിഫ്ബിയുടെയും നാലെണ്ണം പൊതുമരാമത്തിൻ്റെ ഫണ്ട് ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഊ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാനം 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകിയത്.