ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിലൂടെ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “എത് രൂപത്തിലുള്ള ഭീകരതയായാലും ഇന്ത്യ അപലപിക്കുന്നു” എന്നാണ് മോദി നെതന്യാഹുവിനോട് പറഞ്ഞത്. തന്റെ എക്‌സ് പോസ്‌റ്റിലൂടെയാണ് പ്രധാനമന്ത്രി മോദി നെതന്യാഹുവുമായി ഫോണിലൂടെ ബന്ധപ്പെട്ട കാര്യം അറിയിച്ചത്.

നിലവിലെ സാഹചര്യത്തെക്കുറിച്ച് നെതന്യാഹു വിവരം നൽകിയതായി മോദി അറിയിച്ചു. “ഈ ദുഷ്‌കരമായ സമയത്തിൽ ഇന്ത്യയിലെ ജനങ്ങൾ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുന്നു. ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും, പ്രകടനങ്ങളിലും ഇന്ത്യ ശക്തമായും അസന്ദിഗ്ദ്ധമായും അപലപിക്കുന്നു” പോസ്‌റ്റിൽ പറയുന്നു.

ഇസ്രയേലിലെ ഭീകരാക്രമണ വാർത്ത കേട്ടപ്പോൾ തനിക്ക് ഞെട്ടലുണ്ടായെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ ഇസ്രയേലിന് ഐക്യദാർഢ്യവുമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹമാസ് ഭീകരർ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് അപ്രതീക്ഷിതമായി 3,000 റോക്കറ്റുകൾ വിക്ഷേപിച്ചതിന് ശേഷമാണ് ഒക്ടോബർ 7 മുതൽ മേഖലയിൽ യുദ്ധസമാന സാഹചര്യം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തിൽ ഇതുവരെ ഇരുപക്ഷത്തുമായി 1600-ലധികം പേർ കൊല്ലപ്പെട്ടു. 

ഇസ്രയേലിൽ 900 പേർ കൊല്ലപ്പെടുകയും 2,600 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അതേസമയം, ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 143 കുട്ടികളും 105 സ്ത്രീകളും ഉൾപ്പെടെ അവിടെ 704 പേർ കൊല്ലപ്പെടുകയും 4,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.