അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കെഎം ഷാജിക്ക് ആശ്വാസം. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ കെഎം ഷാജിക്ക് തിരികെ നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെഎം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. തന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തിരികെ വേണമെന്നായിരുന്നു ഷാജിയുടെ ആവശ്യം. ബാങ്ക് ഗ്യാരന്റിയില്‍ തുക തിരിച്ചു നല്‍കാനാണ് ഉത്തരവ്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് 2020 ജനുവരിയിലാണ് കെ.എം. ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. എന്നാല്‍ പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പിനായി പിരിച്ചെടുത്തതാണെന്നായിരുന്നു ഷാജിയുടെ വാദം. അതേസമയം പിടിച്ചെടുത്ത തുക തിരികെ ലഭിക്കാനായി കോഴിക്കോട് വിജിലന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഷാജിയുടെ ഹർജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. താന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചെടുത്ത പണമാണിതെന്ന് ഷാജി കോടതിയെ അറിയിച്ചു. പണം പിരിച്ചതിന്റെ റസീറ്റും ഹാജരാക്കി. റസീറ്റുകളില്‍ പൊരുത്തക്കേടുണ്ടെന്നും നിലവില്‍ പണം തിരികെ നല്‍കുന്നത് ശരിയാകില്ലെന്നുമായിരുന്നു വിജിലന്‍സിന്റെ വാദം. ഇത് ഹൈക്കോടതി തള്ളുകയായിരുന്നു.



