ഹമാസ് തീവ്രവാദികളുടെ ആക്രമണം തുടരുന്നതിനിടയിൽ ഇസ്രയേലിന് ഇന്ത്യയുടെ പിന്തുണ ആവശ്യമെന്ന് വ്യക്തമാക്കി ഇന്ത്യയിലെ ഇസ്രയേൽ പ്രതിനിധി രംഗത്ത്. ആഗോള തലത്തിൽ ശക്തമായ സ്വാധീനമുള്ള രാജ്യമായതിനാലും, തീവ്രവാദത്തിന്റെ വെല്ലുവിളി അറിയുന്നതിനാലും വിഷയത്തിൽ ഇന്ത്യയുടെ പിന്തുണ ആവശ്യമാണെന്ന് ഇസ്രയേൽ അംബാസഡർ നൗർ ഗിലോൺ പറഞ്ഞു.
ഹമാസ് തീവ്രവാദികളുടെ ആക്രമണങ്ങളെ തീർത്തും പ്രകോപനപരവും അസ്വീകാര്യവുമാണെന്ന് വിശേഷിപ്പിച്ച ഗിലോൺ, വെല്ലുവിളിയെ ഇസ്രയേൽ ഒറ്റയ്ക്ക് നേരിടുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും പറഞ്ഞു. ശനിയാഴ്‌ച മുതൽ ഗാസയിൽ നിന്ന് ഹമാസ് തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 700-ലധികം ഇസ്രയേലികൾ കൊല്ലപ്പെടുകയും, 2000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അതേസമയം, ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ 300-ലധികം പേർ കൊല്ലപ്പെട്ടതായി പലസ്‌തീൻ അധികൃതർ പറഞ്ഞു. ആക്രമണത്തിൽ ഇറാന് പങ്കുണ്ടെന്ന് ആരോപിച്ച് ഇസ്രയേൽ പ്രതിനിധി മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഹമാസിന് ആയുധം നൽകിയത് അവരാണെന്നും അഭിപ്രായപ്പെട്ടു.
“ഇറാൻ അതിൽ പങ്കാളിയാണെന്ന് ഞങ്ങൾക്ക് വ്യക്തമാണ്. ആയുധങ്ങൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും ഞങ്ങൾക്കറിയാം” അദ്ദേഹം ആരോപിച്ചു. തന്റെ രാജ്യത്തിന് “നമ്മുടെ ഇന്ത്യൻ സുഹൃത്തുക്കളുടെ” ശക്തമായ പിന്തുണ ആവശ്യമാണെന്നും “ഭീകരതയെ അറിയുകയും പ്രതിസന്ധി മനസ്സിലാക്കുകയും ചെയ്യുന്ന ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യ ലോകത്ത് വളരെ സ്വാധീനമുള്ള രാജ്യമാണെന്നും” ഗിലോൺ ചൂണ്ടിക്കാട്ടി.
അജ്ഞതയേക്കാൾ ഭീകരതയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ സമയത്ത് ഇന്ത്യ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതെന്ന് ഗിലോൺ പറഞ്ഞു. “ഞങ്ങൾക്ക് ഇന്ത്യയിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്” അദ്ദേഹം പറഞ്ഞു.
“നൂറുകണക്കിന് ഇസ്രായേലി സിവിലിയൻമാരെയും സ്ത്രീകളെയും പുരുഷന്മാരെയും വൃദ്ധരെയും കുട്ടികളെയും പ്രകോപനമില്ലാതെ കൊലപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നതിനെ ലോകത്തിലെ എല്ലാ രാജ്യങ്ങളും അപലപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല,” ഗിലോൺ പറഞ്ഞു. മധ്യസ്ഥതയ്ക്ക് സമയമില്ലെന്നും ഇപ്പോൾ ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കേണ്ട സമയമാണെന്നും ഇസ്രയേൽ പ്രതിനിധി വ്യക്തമാക്കി.
ഹമാസിന്റെ ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്‌ച ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇത് ഭീകരാക്രമണമാണെന്ന് മോദി അപലപിച്ചു. “ഇസ്രായേലിലെ ഭീകരാക്രമണ വാർത്ത ഞെട്ടലുണ്ടാക്കി. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു” മോദി പറഞ്ഞു.



