1986 ല്‍ കേരളം സന്ദര്‍ശിച്ച ജോണ്‍പോള്‍ രണ്ടാമന്‍മാര്‍പ്പാപ്പ കേരളത്തിലെ ചൂട് സഹിക്കാന്‍ വയ്യാതെ ആവശ്യപ്പെട്ടത് തണുത്ത ബിയറെന്ന് കേരളത്തിലെ ടൂറിസം വ്യവസായ രംഗത്തെ അതികായനും സി ജി എച്ച് എര്‍ത്ത് റിസോര്‍ട്ടുകളുടെ ഉടമയുമായ ജോസ് ഡൊമനിക്ക്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. കേരളത്തിലെ എക്‌സൈസ് നയമാണ് ടൂറിസം രംഗത്തെ ഏറ്റവും വലിയ തടസങ്ങളിലൊന്നായി പ്രവര്‍ത്തിക്കുന്നതെന്ന് വെളിപ്പെടുത്തവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെത്തിയ മാര്‍പ്പാപ്പ ഒരു ദിവസം പരിപാടികള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്റെ വിശ്രമത്തിനായുള്ള മുറിയിലേക്ക് പോയി. അപ്പോള്‍ കുടിക്കാന്‍ എന്ത് വേണമെന്ന് ചോദി്ച്ചപ്പോള്‍ ഒരു ഗ്‌ളാസ് ചില്‍ഡ് ബിയര്‍ വേണമെന്നായിരുന്നു മാര്‍പ്പാപ്പയുടെ മറുപടി. ആ സന്ദര്‍ശന വേളയില്‍ തന്നെ ഒരു ദിവസം മീന്‍ പൊള്ളിച്ചത് മാര്‍പ്പാപ്പക്ക് നല്‍കിയപ്പോള്‍ ഇതിനൊപ്പം കഴിക്കാന്‍ പറ്റിയ വൈന്‍ ഏതാണെന്നാണ് മാര്‍പ്പാപ്പ ചോദിച്ചത്. സാധാരണയായി മീനിനൊപ്പം വൈറ്റ് വൈന്‍ ആണ് നല്‍കാറുള്ളത്. എ്ന്നാല്‍ ഇവിടെ മീന്‍ പൊള്ളിച്ചതിന് നല്ല എരിവുള്ളത് കൊണ്ട് മാര്‍പ്പാപ്പയുടെ കൂടെയുണ്ടായിരുന്ന വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് കുടിക്കാന് റെഡ് വൈനാണ് നല്‍കിയതെന്നും ജോസ് ഡൊമനിക് പറഞ്ഞു.

അന്ന് മാര്‍പ്പാപ്പക്കും സംഘത്തിനുള്ള ഭക്ഷണകാര്യങ്ങളുടെ ക്രമീകരണം ജോസ് ഡോമനിക്കിന്റെ ഹോട്ടല്‍ ഗ്രൂപ്പിനായിരുന്നു. മാര്‍പ്പാപ്പ ബിയറും വൈനും കഴിച്ച കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിക്കരുതെന്നും നിര്‍ദേശിച്ചിരുന്നതായി ജോസ് ഡൊമനിക്ക് പറഞ്ഞു.

കേരളത്തിന്റെ തലതിരിഞ്ഞ മദ്യനയം ടൂറിസത്തിന് വലിയ തിരിച്ചടിയുണ്ടാക്കുന്നുവെന്നാണ് ജോസ് ഡൊമനിക്ക് പറഞ്ഞത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ അന്നത്തെ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ കടുംപിടുത്തങ്ങള്‍ കൊണ്ട് ബാറുകള്‍ മാസങ്ങളോളം അടഞ്ഞു കിടന്നു. അതിന്റെ ഗുണഫലം ഉണ്ടായത് രാജസ്ഥാന്‍ ടൂറിസത്തിനായിരുന്നുവെന്നും കേരളത്തിലേക്ക് വരേണ്ട സഞ്ചാരികള്‍ അങ്ങോട്ടൊഴുകിയെന്നും ജോസ് ഡൊമനിക് പറഞ്ഞു.