ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്  നല്‍കിയത് റെക്കോര്‍ഡ് വിസയെന്ന് ഇന്ത്യയിലെ യുഎസ് എംബസി. കഴിഞ്ഞ പാദത്തില്‍ 90,000 സ്റ്റുഡന്റ് വിസകളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയതെന്ന് എംബസി വ്യക്തമാക്കുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള വിദ്യാഭ്യാസ വിനിമയത്തിലെ ചരിത്രപരമായ നാഴികല്ല് അടയാളപ്പെടുത്തിയെന്നും എംബസി അറിയിച്ചു.

ലോകമെമ്പാടുമുള്ള സ്റ്റുഡന്റ് വിസകളില്‍ നാലിലൊന്നും ഇന്ത്യയില്‍ തന്നെയാണ് നല്‍കിയതെന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. ഇന്ത്യ-അമേരിക്ക ബന്ധം ദൃഢപ്പെടുന്നതിന്റെ ശുഭസൂചനയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയെ തിരഞ്ഞെടുത്ത ഓരോ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍. ഓരോ വിദ്യാര്‍ത്ഥികളും കൃത്യസമയത്ത് തന്നെയാണ് വിദ്യാഭ്യാസത്തിനായി എത്തിച്ചേരുന്നതെന്ന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞു. മികച്ച സംഘടിതവും നൂതനവുമായ പ്രവര്‍ത്തനത്തിന്റെ ഫലമാണിതെന്ന് എംബസി എക്സില്‍ കുറിച്ചു.

നിലവിലെ അധ്യയന വര്‍ഷത്തില്‍ 2,00,000-ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം ചെയ്യുന്നു. നിലവില്‍ യുഎസിലുള്ള 20 ശതമാനം  അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിക്കുന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. യുഎസില്‍ വിദ്യാഭ്യാസം നേടാന്‍ താല്‍പര്യമുള്ളവര്‍ക്കായി ‘എഡ്യൂക്കേഷന്‍ യുഎസ്എ’ എന്ന പരിപാടി സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം സംബന്ധിച്ചും വിസ പ്രക്രിയ സംബന്ധിച്ചുമുള്ള സമഗ്രമായ വിവരങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഉപദേശക സേവനമാണ് ‘എഡ്യൂക്കേഷന്‍ യുഎസ്എ’.

ഇന്ത്യയില്‍ ഉടനീളമുള്ള എട്ട് ഉപദേശക കേന്ദ്രങ്ങളുള്ള അംഗീകൃത യുഎസ് കോളജുകളെയും സര്‍വ്വകലാശാലകളെയും പ്രതിനിധീകരിക്കുന്നത് എഡ്യൂക്കേഷന്‍ യുഎസ്എ ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക്  Educationusa.state.gov അല്ലെങ്കില്‍ @educationUSAindia ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും സന്ദര്‍ശിക്കാവുന്നതാണ്.