ചെന്നൈ: തമിഴ്നാട്ടിൽ എൻ.ഡി.എ മുന്നണിയിൽനിന്ന് വേർപിരിഞ്ഞ് എ.ഐ.എ.ഡി.എം.കെ. ഇന്ന് ചെന്നൈയിൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേർന്ന പാർട്ടി നേതൃയോഗത്തിലാണ് തീരുമാനമെടുത്തത്. പുതിയ മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തീരുമാനം

തീരുമാനമെടുത്തതോടെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തിന് മുന്നിൽ പാർട്ടി പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി ഒത്തുകൂടി.

യോ​ഗ​ത്തി​ൽ ജി​ല്ല സെ​ക്ര​ട്ട​റി​മാ​രും എം.​എ​ൽ.​എ​മാ​രു​മ​ട​ക്കം നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ത്തു. അണ്ണാദുരൈയെയും ജയലളിതയെയും അടക്കം എ.​ഐ.​എ.​ഡി.​എം.​കെ​യു​ടെ നേ​താ​ക്ക​ളെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന ബി.​ജെ.​പി ത​മി​ഴ്നാ​ട് ഘ​ട​കം പ്ര​സി​ഡ​ന്‍റ് അ​ണ്ണാ​മ​ലൈ​യു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ട്ടി​യു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് ഡി. ​ജ​യ​കു​മാ​ർ കഴിഞ്ഞ ദിവസം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​ണ്ണാ​മ​ലൈ മാ​പ്പ് പ​റ​ഞ്ഞാ​ൽ ക​ടും​പി​ടി​ത്തം ഉ​പേ​ക്ഷി​ക്കാ​മെ​ന്ന അ​ഭി​പ്രാ​യം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ കാ​ണാ​ൻ എ.​ഐ.​എ.​ഡി.​എം.​കെ സം​ഘം ​വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​യെ​ങ്കി​ലും കൂ​ടി​ക്കാ​ഴ്ച ന​ട​ന്നി​ല്ല. ബി.​ജെ.​പി പ്ര​സി​ഡന്‍റ് ജെ.​പി. ന​ഡ്ഡ​യെ​യും മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നെ​യും ക​ണ്ട നേ​താ​ക്ക​ൾ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചെങ്കിലും അ​നു​കൂ​ല മ​റു​പ​ടി​യ​ല്ല ല​ഭി​ച്ച​ില്ലെന്നായിരുന്നു റിപ്പോർട്ട്.