കാസര്‍കോട്: കായികമേളയില്‍ കുട്ടികള്‍ക്കൊപ്പം ഓടിയ കാസര്‍കോട് കൂളിയാട് ഹൈസ്‌കൂളിലെ കാവ്യ ടീച്ചറെ തേടി ഇപ്പോഴും അഭിനന്ദനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ നിരവധി പേരാണ് കുട്ടികള്‍ക്കൊപ്പം ഓടുന്ന ടീച്ചറുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ വലിയപറമ്പ ഓരിയല സ്വദേശിയായ കാവ്യ ടീച്ചര്‍ നാലുവര്‍ഷമായി സ്‌കൂളിലെ ഗണിതാധ്യാപികയാണ്. പ്രൈമറി കുട്ടികളുടെ റിലേ മത്സരം നടക്കുമ്പോളാണ് ടീച്ചര്‍ കുട്ടികള്‍ക്കൊപ്പം ഓടിയത്.

ടീച്ചറുടെ ഓട്ടം കണ്ട് കായികമേള കാണാനെത്തിയ നാട്ടുകാരില്‍ ഒരാള്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് പലരും വീഡിയോ ഷെയര്‍ ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് അവസാന ഇനമായിട്ടാണ് റിലേ മത്സരം നടന്നത്. എല്‍പി-യുപി വിഭാഗത്തിലെ കുട്ടികളായതിനാല്‍ ഇവര്‍ക്ക് ബാറ്റണ്‍ കൈമാറാന്‍ പറഞ്ഞുകൊടുക്കുന്നതിനു വേണ്ടിയാണ് ടീച്ചര്‍ ഒപ്പം ഓടിയത്. കുട്ടികള്‍ക്കൊപ്പം നേരത്തെയും ഇത്തരം കായികമേള നടക്കുമ്പോള്‍ ടീച്ചര്‍ ഓടാറുണ്ട്.

സ്‌കൂളിലെ 40ഓളം വരുന്ന അധ്യാപകരുടെ നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും കായിക മേള സംഘടിപ്പിക്കാറുള്ളത്. സ്‌കൂളിന് സ്വന്തമായി ഗ്രൗണ്ട് ഇല്ലാത്തതിനാല്‍ അഞ്ച് കിലോ മീറ്റര്‍ അപ്പുറത്തുള്ള പള്ളിപ്പറയിലെ ഗ്രൗണ്ടില്‍ കുട്ടികളെ എത്തിച്ചാണ് കായിക മേള നടത്താറുള്ളത്. സ്‌കൂളില്‍ കായിക അധ്യാപകരില്ലാത്തതിനാല്‍ നാട്ടുകാരുടെയും സ്‌കൂളിലെ വിദ്യാര്‍ഥിയുടെ പിതാവായ പ്രഭാകരന്റെയും സഹായത്തോടെയാണ് ട്രാക്കുകളും മറ്റും സജീകരിക്കാറുള്ളതെന്നും അധ്യാപകരുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനവുമാണ് ഇത്തരം മേള നടത്താന്‍ സഹായകമാവുന്നതെന്നും കാവ്യ ടീച്ചര്‍ പറഞ്ഞു.