സിയാച്ചിന്‍ ഹിമാനിയിലുണ്ടായ തീപിടുത്തത്തില്‍ ഒരു സൈനിക ഓഫീസര്‍ മരണപ്പെടുകയും മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഇവര്‍ ചികിത്സയിലാണ്. 

‘ഇന്ന് സിയാച്ചിന്‍ ഹിമാനിയിലുണ്ടായ തീപിടുത്തത്തില്‍ ഒരു ഓഫീസര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം നടന്നത്’ സൈന്യം അറിയിച്ചു. 

71 കിലോമീറ്റര്‍ നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ ഹിമാനികളിലൊന്നായ സിയാച്ചിന്‍ ഹിമാനി കശ്മീരിലെ തര്‍ക്ക ഭൂമിയുടെ വടക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. വാസയോഗ്യമല്ലാത്ത കാലാവസ്ഥയും ഹിമപാതവുമാണ് ഇവിടെ വെടിവെപ്പുകളേക്കാല്‍ കൂടുതല്‍ ആളുകളുടെ ജീവന്‍ അപഹരിച്ചിട്ടുളളത്.
മോശം കാലാവസ്ഥ കണക്കിലെടുത്ത് മൂന്ന് മാസത്തേക്ക് മാത്രമേ സൈന്യെ ഒരു സൈനികനെ സിയാച്ചിനില്‍ നിയമിക്കുകയുളളൂ.

ഒരു റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 37 വര്‍ഷത്തിനിടെ 800 ലധികം സൈനികര്‍ക്ക് സിയാച്ചിനിലെ മോശം കാലാവസ്ഥയും ഭൂപ്രകൃതിയും വെടിവെയ്പ്പും കാരണം ജീവന്‍ നഷ്ടമായിട്ടുണ്ട്. സിയാച്ചിനില്‍, സൈനികരെ വിന്യസിക്കാനാണ് ഇന്ത്യന്‍ സൈന്യം 80 ശതമാനത്തോളം സമയവും ചെലവഴിക്കുന്നത്.  നുബ്ര നദിയുടെ തീരത്തുള്ള ഒരു യുദ്ധ സ്മാരകത്തില്‍ സിയാച്ചിന്‍ ഹിമാനിയില്‍ ജീവന്‍ നഷ്ടമായ ഇന്ത്യന്‍ സൈനികരുടെ പേരുകള്‍ ഉണ്ട്.