ബംഗലൂരു: ഒരാള്‍ ദീര്‍ഘകാലം വിചാരണ തടവുകാരനായി കഴിയേണ്ടിവരുന്നതും പിന്നീട് നിരപരാധിയെന്ന് കണ്ട് മോചിപ്പിക്കേണ്ടിവരുന്നതും രാജ്യത്തിന്റെ നീതി സംവിധാനത്തിന് അപമാനകരമാണെന്ന് പി.ഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. അധികാരികള്‍ ഇത് പരിശോധിക്കണം. ബംഗലൂരു സ്ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന മഅദനി പിതാവിനെ സന്ദര്‍ശിക്കാന്‍ കേരളത്തിലേക്ക് തിരിക്കുന്നതിനു മുന്‍പ് മാധ്യമങ്ങളെ കാണുകയായിരുന്നു.
12 ദിവസത്തെക്കാണ് കേരളത്തിലേക്ക് പോകുന്നത്. രോഗാവസ്ഥയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കുക, മാതാപിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കുന്ന എന്നിവയാണ് ലക്ഷ്യം. കുറച്ചു ദിവസം പിതാവിനൊപ്പം താമസിക്കും. യാത്ര ചെലവ് കുറയ്ക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുകയുടെ കാര്യത്തില്‍ വലിയ കുറവ് വന്നിട്ടില്ല. യാത്രയില്‍ പ്രതികൂലമായി ഒന്നും കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരാളെ പതിറ്റാണ്ടുകളോളം വിചാരണ തടവുകാരനായി ഇടുന്നതും വ്യക്തി മാനസികവും ശാരീരികവുമായി ദുര്‍ബലപ്പെടുമ്പോള്‍ നിരപരാധിയെന്ന കണ്ട് വിട്ടയക്കുന്നതും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്കു അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആരോഗ്യനില പ്രതിസന്ധിയിലാണ്. കഴിഞ്ഞ തവണ രണ്ടു മാസം കേരളത്തില്‍ നിന്നപ്പോള്‍ ചികിത്സ നടത്തണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ അതിനു കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗലൂരുവില്‍ നിന്ന ഏഴരയോടെ കൊച്ചിയില്‍ എത്തുന്ന മഅദനി തുടര്‍ന്ന് കാര്‍ മാര്‍ഗം അന്‍വാര്‍ശേരിയിലേക്ക് പോകും.



