വിനോദസഞ്ചാരത്തിനായും ലോകത്തിന് മുന്നില്‍ മുഖം മിനുക്കാനും ഇറങ്ങിത്തിരിച്ച സൗദിയിലേക്ക് ക്രിസ്ത്യാനികളുടെ ഒഴുക്ക്. യാഥാസ്ഥിതിക ഇസ്ലാമിക രാജ്യം എന്ന നിലയില്‍ ലോകത്ത് ഖ്യാതിയുള്ള സൗദി 2019 ല്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നിലേക്ക് രാജ്യത്തിന്റെ അതിര്‍ത്തികള്‍ മലര്‍ക്കെ തുറന്നിട്ടപ്പോള്‍ ക്രിസ്ത്യാനികളില്‍ നിന്നുള്ള ഒരു ഒഴുക്ക് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

പതിറ്റാണ്ടുകളായി, സൗദി അറേബ്യയില്‍ എത്തുന്ന വിനോദസഞ്ചാരികളില്‍ കൂടുതലും മക്കയിലേക്ക് പോകുന്ന തീര്‍ത്ഥാടകരായിരുന്നു. മുമ്പ് മറ്റ് മതങ്ങളെ പരസ്യമായി ആചരിക്കുന്നത് സൗദിയില്‍ വിലക്കിയിരുന്നു. സിന്തറ്റിക് ക്രിസ്മസ് ട്രീകള്‍ കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തിയവരെ ‘മന്ത്രവാദം’ ആരോപിച്ച് വധശിക്ഷയ്ക്ക് വിധേയമാക്കുക പോലും ചെയ്തിട്ടുണ്ട്. എന്നാല്‍ നയം മാറ്റിയതോടെ സ്‌നാനം ചെയ്യപ്പെട്ട യാഥാസ്ഥിതിക ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവര്‍ പോും ഇവിടേയ്ക്ക് സഞ്ചാരികളായി എത്തുന്നു.

സൗദിയിലേക്കുള്ള ക്രിസ്ത്യന്‍ വിനോദസഞ്ചാരികളുടെ ഒഴുക്ക് ശക്തമായതോടെ പുതിയ ചര്‍ച്ചകളും ഉയര്‍ന്നുവരുന്നുണ്ട്. യഹൂദ-ക്രിസ്ത്യന്‍ തിരുവെഴുത്തുകള്‍ ദൈവം പത്ത് കല്‍പ്പനകള്‍ വെളിപ്പെടുത്തുന്നുവെന്ന് വിവരിക്കുന്ന സീനായ് പര്‍വതത്തിന്റെ സ്ഥലം ഈജിപ്തല്ല സൗദി അറേബ്യയാണെന്ന് വാദിക്കുന്നവര്‍ ഇപ്പോള്‍ ഏറെയാണ്. എന്നാല്‍ മുഖ്യധാരാ ചരിത്രകാരന്മാരും ബൈബിള്‍ പണ്ഡിതന്മാരും ഇതിനെ എതിര്‍ക്കുന്നു.

പതിനായിരക്കണക്കിന് സൗദികള്‍ അമേരിക്കയില്‍ പഠിച്ച 2000-കളുടെ തുടക്കം മുതലാണ് മതപരമായ യാഥാസ്ഥിതികത സൗദി അയച്ചുവിട്ടു തുടങ്ങിയത്. 2015-ല്‍, ഒരു പുതിയ രാജാവ് തന്റെ 29 വയസ്സുള്ള മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പിന്തുടര്‍ച്ചാവകാശത്തിലേക്ക് ഉയര്‍ത്തി.

സൗദിയെ രാജ്യത്തെ ഒരു ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റുമെന്നാണ് മുഹമ്മദ് രാജകുമാരന്‍ പ്രഖ്യാപിച്ചത്. അദ്ദേഹം സാമൂഹിക മാറ്റങ്ങളുടെ ഒരു വലിയ കൂടു തുറന്നുവിട്ടു. മതപരമായ പോലീസിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കി, വസ്ത്രധാരണ സംബന്ധിച്ച കര്‍ശന നിയമങ്ങള്‍ അയച്ചു, സ്ത്രീകളുടെ ഡ്രൈവിംഗ് നിരോധനം നീക്കി. ഇതിനൊപ്പം രാഷ്ട്രീയ അടിച്ചമര്‍ത്തലും ശക്തമാക്കി.

തന്നെ വെല്ലുവിളിച്ചേക്കാവുന്ന എല്ലാ സൗദി ശബ്ദങ്ങളെയും നിശബ്ദമാക്കി. 2018-ല്‍, ഇസ്താംബൂളിലെ സൗദി ഏജന്റുമാര്‍ വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗി എന്ന മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ വിവാദം ഇപ്പോഴും തുടരുകയാണ്. രാജകുമാരനാണ് കൊലയ്ക്ക് ഉത്തരവിട്ടതെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം പോലും വിലയിരുത്തിയത്. എന്നാല്‍ അദ്ദേഹം കുറ്റം നിഷേധിച്ചു.

തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെയും മുഹമ്മദ് രാജകുമാരന്‍ തകര്‍ത്തു. രാജ്യത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതിനായി കായികമേഖലയില്‍ അടക്കം സൗദി അറേബ്യയുടെ എണ്ണ സമ്പത്ത് പുതിയ വഴികളില്‍ വിന്യസിച്ചു. പ്രാദേശിക ക്രിസ്ത്യന്‍ ജനത ഏറെയുള്ള ഇസ്രായേലും ഈജിപ്തും വളരെക്കാലം മുമ്പ് ക്രിസ്ത്യന്‍ സഞ്ചാരികളെ സ്വാഗതം ചെയ്തിരുന്നു. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകളെയാണ് അവര്‍ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. അവരില്‍ പലരും അമേരിക്കന്‍ സുവിശേഷകരാണ്.

എന്നാല്‍ വിനോദസഞ്ചാരമേഖലയിലെ പുതിയ വിപണിയായിട്ടാണ് സൗദി അറേബ്യ മാറിയിരിക്കുന്നത്. പല ടൂര്‍ കമ്പനികളും ഇപ്പോള്‍ ക്രിസ്ത്യാനികള്‍ക്കായി സൗദിയിലേക്ക് പാക്കേജുകള്‍ വാഗ്ദാനം ചെയ്യുന്നു.