കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഡോ. പ്രിയ വർഗീസ്.സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകിയാണ് പ്രിയ വർഗീസ് മുൻകൂർ പ്രതിരോധം തീർത്തത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ എതിർകക്ഷികൾ അപ്പീൽ നൽകിയാൽ തൻ്റെ വാദം കേൾക്കാതെ കോടതി തീരുമാനം എടുക്കരുതെന്ന് ഹർജിയിൽ പറയുന്നു.
നേരത്തെ അസോസിയേറ്റ് പ്രഫസർ നിയമനത്തിൽ ഡോ. പ്രിയാ വർഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിറക്കിയിരുന്നു. പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവാണ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്.
യോഗ്യതയായി എട്ട് വർഷം അധ്യാപനം പരിചയം വേണമെന്നിരിക്കെ തന്റെ ഗവേഷണകാലവും നാഷണൽ സർവീസ് സ്കീമിലെ ഡയറക്ടർ ഓഫ് സ്റ്റുഡന്റെസ് സർവീസിലെ പ്രവർത്തനകാലവും അധ്യാപന പരിചയമായി പ്രിയ ഉൾപ്പെടുത്തിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് 2022ൽ ഇക്കാര്യങ്ങൾ തള്ളി റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കാൻ ഉത്തരവിടുകയായിരുന്നു.
ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രിയാ വർഗീസ് നൽകിയ ഹർജീയിലാണ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ നിന്നും അനുകൂല ഉത്തരവ് വന്നത്.



