ഭുവനേശ്വർ: വിജിലൻസിന്റെ റെയ്ഡിൽ നിന്നും രക്ഷപ്പെടുന്നതിനായി രണ്ട് കോടി രൂപ അയൽവാസിയുടെ ടെറസിലെറിഞ്ഞ് സബ്കളക്ടർ. ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലാണ് സംഭവം. ജില്ലയിലെ അഡീഷണൽ സബ്കളക്ടർ പ്രശാന്ത് കുമാർ റൗട്ടാണ് പണം ഒളിപ്പിക്കാൻ ശ്രമിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാരോപിച്ചായിരുന്നു വിജിലൻസിന്റെ റെയ്ഡ്.
പ്രശാന്തിന്റെ ഭുവനേശ്വറിലെ കാനർ വിഹാർ ഏരിയയിലെ വീട്ടിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. ഇതിന് മുൻപ് റൗട്ട് അയൽവാസിയുടെ ടെറസിലേയ്‌ക്ക് പണം നിറച്ച ബാഗ് എറിയുകയായിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നാലെ ടെറസിൽ നടത്തിയ തിരച്ചിലിൽ ആറ് പെട്ടികളിലായി ഒളിപ്പിച്ച രണ്ട് കോടിയിലധികം രൂപ ഉദ്യോഗസ്ഥർ കണ്ടെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച റെയ്ഡ് 36 മണിക്കൂറിലേറെ സമയമെടുത്താണ് അവസാനിച്ചത്. എച്ച്‌ഐജി-115, ഭുവനേശ്വർ, കാനർ വിഹാറിലെ വീട്, നബരംഗ്പൂരിലെ ഇയാളുടെ മറ്റൊരു വീട്, ഓഫീസ് ചേംബർ, ഭദ്രക് ജില്ലയിലെ മാതാപിതാക്കളുടെ വീട് എന്നിങ്ങനെ ഒൻപത് സ്ഥലങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. ഇതിന് പുറമേ പ്രശാന്തിന്റെ പരിചയക്കാരുമായി ബന്ധപ്പെട്ട അഞ്ച് ഇടങ്ങളിലും തിരച്ചിൽ നടത്തിയതായി വിജിലൻസ് ഓഫീസർ അറിയിച്ചു.