രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും സർഫറാസ് ഖാൻ എന്തുകൊണ്ട് ഇന്ത്യൻ ടെസ്റ്റ് ടീമിൽ എത്തുന്നില്ലെന്നു വിശദമാക്കി മുൻ ബിസിസിഐ സിലക്ടർമാരിലൊരാൾ. സിലക്ഷൻ കമ്മിറ്റി റണ്‍സ് മാത്രമല്ല ഇവിടെ പരിഗണിക്കുന്നതെന്ന് മുൻ സിലക്ടർ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ‘‘ഇന്ത്യൻ പ്രീമിയർ ലീഗിൽ പേസർമാർക്കെതിരെ സർഫറാസ് ഖാൻ പരാജയപ്പെട്ടുപോകുകയാണ്. നിങ്ങൾ എത്ര റൺസ് എടുത്തിട്ടുണ്ടെന്നതു മാത്രമല്ല സിലക്ഷനിൽ നോക്കുക. ആ സ്കോർ എങ്ങനെയാണു ലഭിച്ചതെന്ന കാര്യവും സിലക്ടർമാർ പരിശോധിക്കും.’’– മുൻ സിലക്ടർ വ്യക്തമാക്കി.
‘‘അഭിമന്യു ഈശ്വരൻ എന്ന താരം ബംഗാളിനായി ഏഴ് നോക്കൗട്ട് മത്സരങ്ങളിലാണ് മികച്ച സ്കോറില്ലാതെ പുറത്തായത്. അതുകൊണ്ട് അദ്ദേഹത്തെയും ടീമിലേക്കു പരിഗണിക്കില്ല. ഇന്ത്യൻ ടീം സിലക്ഷൻ കമ്മിറ്റി ഇങ്ങനെ ചിന്തിക്കുമെന്നു ഞാൻ പറയുന്നില്ല. ഋതുരാജ് ഗെയ്ക്‌വാദിന് ഫാസ്റ്റ് ബോളിങ്ങിനെ നേരിടാനുള്ള മികവുണ്ട്. അതുകൊണ്ടു തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ വിജയിക്കാനുള്ള ചാൻസ് കൂടുതലുള്ള ഋതുരാജിനാണ്. ഒരു സിലക്ടർ റൺസ് അങ്ങനെ നോക്കില്ല.’’– അദ്ദേഹം വ്യക്തമാക്കി.
വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും സർഫറാസ് ഖാനെ ബിസിസിഐ ഒഴിവാക്കിയിരുന്നു. 25 വയസ്സുകാരനായ സർഫറാസ് 928, 982, 556 റണ്‍സുകളാണു കഴിഞ്ഞ മൂന്ന് രഞ്ജി ട്രോഫി സീസണുകളിൽനിന്നും നേടിയത്. സർഫറാസിനെ വീണ്ടും തഴഞ്ഞതിൽ വൻ വിമർശനമാണ് മുൻ ഇന്ത്യൻ താരങ്ങളിൽ ചിലർ ബിസിസിഐയ്ക്കെതിരെ ഉയർത്തിയത്.