മലപ്പുറം ∙ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ എംഎസ്എഫ് പ്രവർത്തകരെ വിലങ്ങണിയിച്ച് കൊണ്ടുപോയതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. ‘വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടാൻ നോക്കിയവരോ പിൻവാതിൽ വഴി ജോലിയിൽ കയറിയവരോ അല്ല. കുട്ടികൾക്ക് പഠിക്കാൻ സീറ്റിന് വേണ്ടി സമരം ചെയ്തവരാണ്’ ഇവരെന്ന് ഫെയ്സ്ബുക് കുറിപ്പിൽ ഫിറോസ് പറഞ്ഞു.

രണ്ടു വിദ്യാർഥി നേതാക്കളെയാണ് കയ്യാമംവച്ച് പൊലീസ് കൊണ്ടു പോവുന്നത്. അവർ പരീക്ഷ എഴുതാതെ പാസായവരല്ല, വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടാൻ നോക്കിയവരല്ല, പിൻവാതിൽവഴി ജോലിയിൽ കേറിയവരല്ല. കുട്ടികൾക്ക് പഠിക്കാൻ സീറ്റിന് വേണ്ടി സമരം ചെയ്തവരാണ്.

വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് എംഎസ്എഫ് കോഴിക്കോട് ജില്ലാ വിങ് കൺവീനർ അഫ്രിൻ, മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെയാണ് ഇമ്മട്ടിൽ അറസ്റ്റ് ചെയ്തത്. പൊലീസ് ഏമാൻമാർ കുറിച്ചുവച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല. ഇനി പോവുകയുമില്ല.

സംഭവത്തിൽ എം.കെ.മുനീർ എംഎൽഎയും പ്രതിഷേധം അറിയിച്ചു. എം.കെ.മുനീറിന്റെ ഫെയ്സ്ബുക് പോസ്റ്റ്:

പ്ലസ്ടു സീറ്റ് ആവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാർഥി നേതാക്കളെ കൈവിലങ്ങു വച്ച് അറസ്റ്റ് ചെയ്യുന്നു !!! സംവരണം അട്ടിമറിച്ചു സീറ്റ് വാങ്ങി, വ്യാജ സർട്ടിഫിക്കറ്റ് വച്ച് ജോലി നേടിയ വിദ്യക്ക് 13 ദിവസം സൗകര്യമൊരുക്കികൊടുത്തു. അവസാനം ഗതികെട്ട് അറസ്റ്റ് ചെയ്യുമ്പോൾ കൈ വിലങ്ങു കണ്ടിരുന്നോ നിങ്ങൾ?

ജനാധിപത്യപരമായ സമരങ്ങളെ നിഷ്കരുണം നേരിടുന്ന ഈ പൊലീസ് നയം ഇടതുപക്ഷ രാഷ്ട്രീയം തന്നെയാണോ എന്ന് ഇടതുപക്ഷ പ്രവർത്തകർ പോലും ചിന്തിച്ചു പോവും !!! സമരം ചെയ്ത കുട്ടികളെ കൈവിലങ്ങു വയ്ക്കാൻ അവരുടെ കയ്യിൽ തട്ടിപ്പിലൂടെ ഉണ്ടാക്കിയ സർട്ടിഫിക്കറ്റും തട്ടിക്കൂട്ട് ഡിഗ്രിയും ഒന്നും അല്ല ഉള്ളത്, അവകാശ സമര പോരാട്ടങ്ങളിൽ നിരന്തരം പൊരുതാനുള്ള ഇച്ഛാ ശക്തിയാണ്. 

കേരള പോലീസ് ആയിരം“വിദ്യകൾ” കാണിച്ചാലും അതിലൊന്നും തളർന്നു പിന്മാറുന്നവരല്ല എംഎസ്എഫ് പ്രവർത്തകർ. ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാമെന്നു കരുതേണ്ട !!! അവകാശ സമരവീഥിയിൽ, ഉന്നത വിദ്യാഭ്യാസത്തിനു അർഹത നേടിയ വിദ്യാർഥികൾക്ക് മുഴുവൻ അവസരമൊരുക്കുന്നത് വരെ പോരാട്ടം തുടരും.