വിയൂര്‍ ജയിലില്‍ അസി. ജയിലറിന്റെ മൂക്ക് സിപിഎം പ്രവര്‍ത്തകനായിരുന്ന ആകാശ് തില്ലങ്കേരിയും സുഹൃത്തും ചേര്‍ന്ന് ഇടിച്ചുപൊട്ടിച്ചു. അസി. ജയിലര്‍ രാഹുലിന്റെ മൂക്കാണ് സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ജയിലില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിയും സുഹൃത്തും ഇടിച്ച് പൊട്ടിച്ചത്. വിഷയത്തില്‍ വിയൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പരുക്കേറ്റ അസി. ജയിലറെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ജയിലിനുള്ളിലെ സെല്ലിലെ ഫാന്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പ്രകോപിതനായ ആകാശ് തില്ലങ്കേരി ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ജയിലില്‍ നിന്നും ഇന്റിമേഷന്‍ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്വര്‍ണ്ണക്കടത്ത് ഷുഹൈബ് വധം അടക്കമുള്ള നിരവധി കേസുകളില്‍ കാപ്പ ചുമത്തിയാണ് ആകാശ് തില്ലങ്കേരിയെ ജയിലില്‍ അടച്ചത്.



