യു പി ഐ വഴിയുള്ള പണമിടപാടിൽ പുതിയ റെക്കോഡ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം മെയ് മാസത്തിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു പി ഐ) വഴിയുള്ള ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.
ആദ്യമായാണ് ഒരുമാസം ഇടപാടുകൾ 900 കോടി കടക്കുന്നത്. 14.89 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് മെയ് മാസത്തിൽ മാത്രമായി നടന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മെയ് മാസത്തെ അപേക്ഷിച്ച്, ഇടപാട് മൂല്യത്തിൽ വലിയ വർധനവും രേഖപ്പെടുത്തി. മാർച്ചിലെ 14.10 ലക്ഷം കോടി രൂപയുടെ റെക്കോഡാണ് മറികടന്നത്. 2022 മേയിൽ 595.52 കോടി ഇടപാടുകളിലായി 10.41 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ പി സി ഐ) കണക്കുകൾ പ്രകാരം മെയിലെ അവസാന പത്ത് ദിവസങ്ങളിൽ ഏകദേശം 3.96 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നു. കഴിഞ്ഞ സാമ്പത്തികവർഷം 8300 കോടി ഇടപാടുകളിലായി 139 ലക്ഷം കോടിരൂപയാണ് ഇടപാടാണ് നടന്നത്.



