കാലപ്പഴക്കംചെന്ന വാഹനങ്ങളെ ആക്രിക്കടകളിലേക്ക് അയയ്ക്കാനുള്ള തീരുമാനവുമായി ഡൽഹി സർക്കാർ. കാലപ്പഴക്കം വന്ന വാഹനങ്ങൾ നഗരത്തിൽ ഓടുന്നതായോ, പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്നതായോ കണ്ടാൽ വാഹനങ്ങൾ പിടിച്ചെടുക്കുകയും നേരിട്ട് സ്ക്രാപ്പിങ് യാർഡുകളിലേക്ക് അയയ്ക്കുകയും ചെയ്യുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഡൽഹിയിൽ നിലവിൽ 53 ലക്ഷത്തോളം വാഹനങ്ങളുണ്ടെന്ന് അധികൃതർ പറഞ്ഞു.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കാലഹരണപ്പെടുന്നതിനാൽ ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് പ്രവർത്തനക്ഷമമായി തുടരാനാവില്ലെന്നതാണ് കാരണം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും (എൻ.ജി.ടി.) സുപ്രീംകോടതിയുടെയും ഉത്തരവുകളെത്തുടർന്ന്, കാലപ്പഴക്കമുള്ള എല്ലാ പെട്രോൾ, ഡീസൽ വാഹനങ്ങളുടെയും രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് വകുപ്പ് കഴിഞ്ഞവർഷം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതുവരെ, കാലപ്പഴക്കമെത്തിയ 53,78,514 ഡീസൽ, പെട്രോൾ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുണ്ട്. ഇതിൽ 80,000 വാഹനങ്ങളും സർക്കാരിന്റെതാണ്.
പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ആദ്യത്തെ അഞ്ചുദിവസത്തിനുള്ളിൽ 50 വാഹനങ്ങളാണ് പിടികൂടിയത്. വൊളന്ററി വെഹിക്കിൾ സ്ക്രാപ്പിങ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് വാഹനം സ്ക്രാപ്പിങ്ങിനായി നൽകാം. നടപടിയിൽനിന്ന് രക്ഷപ്പെടാനായി വാഹനഉടമകൾക്ക് മറ്റൊരു സംസ്ഥാനത്ത് ഓടുന്നതിന് നിബന്ധനകൾക്ക് വിധേയമായി നിരാക്ഷേപ സർട്ടിഫിക്കറ്റ് (എൻ.ഒ.സി.) എടുക്കാനുള്ള സംവിധാനവുമുണ്ട്. നിരോധിതപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങൾ ഒഴികെ ഏത് സംസ്ഥാനത്തും പത്ത് വർഷത്തിന് മുകളിലുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിന് മുകളിലുള്ള പെട്രോൾ വാഹനങ്ങൾക്കും എൻ.ഒ.സി. നൽകും.
ഇത്തരം വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റിയാലും ഡൽഹിയിലെ നിരത്തുകളിൽ ഓടിക്കാവുന്നതാണ്. എന്നാൽ, ഇത്തരം വാഹനങ്ങളുടെ റെട്രോ ഫിറ്റ്മെന്റ് ഗതാഗതവകുപ്പ് അംഗീകരിച്ച ഏജൻസികൾ മുഖേന നടത്തിയിരിക്കണം. രാജ്യത്തെ പഴയ വാഹനങ്ങൾ സ്ക്രാപ്പുചെയ്യുന്നതിനുള്ള ഏറ്റവും വലിയ വിപണിയാണ് ഡൽഹിയെന്നും വ്യവസായ വകുപ്പിന്റെ അനുമതിക്കുശേഷം നഗരത്തിൽ സ്ക്രാപ്പിങ് യൂണിറ്റുകൾ തുറക്കാമെന്നും ഡൽഹി ട്രാൻസ്പോർട്ട് കമ്മിഷണർ ആശിഷ് കുന്ദ്ര പറഞ്ഞു.



