കൊച്ചി: അയോഗ്യനാക്കിയ ഉത്തരവിലെ സ്റ്റേ നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദേവികുളം എംഎൽഎ രാജ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിനായി പരമാവധി 10 ദിവസത്തേക്കായിരുന്നു സ്റ്റേ അനുവദിച്ചത്. സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തെങ്കിലും ഇതുവരെ പരിഗണനയ്ക്കുവന്നില്ല. അപ്പീൽ ഹർജിയിലെ പിശകുകളാണ് ഇതിന് തടസ്സം.
സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചതോടെ ഹൈക്കോടതി ആദ്യം അനുവദിച്ച സ്റ്റേ ഇല്ലാതാകുന്ന സാഹചര്യമുണ്ടായി. ഇതിനാലാണ് സ്റ്റേ 20 ദിവസംകൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. എന്നാൽ, സുപ്രീംകോടതിയിൽ ഹർജി ഫയൽചെയ്ത സാഹചര്യത്തിൽ പരിഗണിക്കാനാകില്ലെന്ന് വിലയിരുത്തി ജസ്റ്റിസ് പി. സോമരാജൻ ഹർജി തള്ളുകയായിരുന്നു.
ഇതോടെ വീണ്ടും സാങ്കേതികമായി രാജ എം.എൽ.എ. അല്ലാതായി. സുപ്രീംകോടതിയുടെ ഇടപെടൽ ഇല്ലെങ്കിൽ നിയമസഭയിൽ പങ്കെടുക്കാനും അദ്ദേഹത്തിന് കഴിയില്ല.
നിയമസഭാംഗമെന്ന നിലയിൽ വോട്ടിങ്ങിൽ പങ്കെടുക്കാനോ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ പാടില്ലെന്ന് ഇടക്കാല സ്റ്റേ നൽകിയ ഉത്തരവിൽതന്നെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ തീരുമാനമാണ് ഇനി നിർണായകം.
പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളത്തെ തിരഞ്ഞെടുപ്പ് ഹൈക്കോടതി നേരത്തേ അസാധുവാക്കിയത്. വ്യാജജാതിസർട്ടിഫിക്കറ്റ് നൽകിയാണ് രാജ മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടി എതിർസ്ഥാനാർഥി കോൺഗ്രസിലെ ഡി. കുമാർ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.



