കോഴിക്കോട്: എലത്തൂർ തീവണ്ടി ആക്രമണക്കേസിൽ പ്രതിയെ തേടി പോലീസ് ഉത്തർപ്രദേശിൽ. റെയിൽവേ പോലീസ് വിമാനമാർഗം നോയിഡയിൽ എത്തി. പ്രതി യു.പി. സ്വദേശിയെന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ എൻ.ഐ.എ. സംഘവും അന്വേഷണം നടത്തും.
റെയിൽവേ പോലീസിന്റെ രണ്ടുപേരടങ്ങുന്ന സംഘമാണ് നോയിഡയിലേക്ക് പോയത്. തിങ്കളാഴ്ച വൈകീട്ടാണ് സംഘം യു.പിയിലേക്ക് തിരിച്ചത്.
പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ കസ്റ്റഡിയിലാണെന്ന് കഴിഞ്ഞ ദിവസം വിവരമുണ്ടായിരുന്നു. ഇയാൾ നോയിഡ സ്വദേശിയാണ്. ഡൽഹി പബ്ലിക്ക് സ്കൂളിൽ ഇയാൾ പഠിച്ചിരുന്നതായും വിവരമുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം അധികൃതർ നൽകിയിരുന്നില്ല.
പ്രതിയെന്ന് സംശയിക്കുന്ന ആളെക്കുറിച്ചുള്ള വിവരങ്ങൾ തേടാനാണ് അന്വേഷണസംഘം നോയിഡയിലേക്ക് പോയതെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ ദിവസം പ്രതിയുടേതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ബാഗിലെ നോട്ട് പാഡിലും നോയിഡയുമായി ബന്ധപ്പെട്ട പരാമർശങ്ങളുണ്ടായിരുന്നു. നോട്ട് പാഡിൽ ഷാരൂഖ് സൈഫി-കാർപ്പെന്റർ, ഫക്രുദീൻ-കാർപ്പെന്റർ, ഹാരിം-കാർപ്പെന്റർ എന്നീ പേരുകൾ എഴുതിവെച്ചിട്ടുണ്ട്. ഇതിനൊപ്പം നോയിഡ എന്നാണ് സ്ഥലപ്പേരുള്ളത്.



