മുംബൈ: പ്രതിരോധം പൊളിഞ്ഞ് പാളീസായപ്പോള്‍ ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത നാല് ഗോളിന് തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യപകുതിയിലാണ് നാല് ഗോളും പിറന്നത്. മുംബൈക്കായി പെരേര ഡയസ് രണ്ടും ഗ്രെഗ് സ്റ്റുവര്‍ട്ടും ബിപിന്‍ സിംഗ് ഓരോ ഗോളും നേടി. ജയത്തോടെ മുംബൈ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് എത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരും. സീസണില്‍ 13 മത്സരങ്ങളില്‍ തോല്‍വിയില്ലാതെ കുതിക്കുകയാണ് മുംബൈ ടീം. തുടര്‍ച്ചയായ എട്ടാം ജയം കൂടിയാണ് മുംബൈ സിറ്റി എഫ്‌സിക്ക് ഇത്. 

മാറ്റങ്ങള്‍ വിനയായി, പ്രതിരോധം പാളി 

മുംബൈക്കെതിരെ  4-4-2 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് ടീമിനെ അണിനിരത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഒഡിഷ എഫ്‌സിക്കെതിരെ പുറത്തിരുന്ന ഇവാന്‍ കല്യൂഷ്‌നി മടങ്ങിയെത്തിയപ്പോള്‍ ലെസ്‌കോവിച്ചും സസ്‌പെന്‍ഷന്‍ കാരണം സന്ദീപ് സിംഗും സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നില്ല. പ്രഭ്‌സുഖന്‍ സിംഗ് ഗില്‍ ഗോള്‍ബാറിന് കീഴെ എത്തിയപ്പോള്‍ ഹര്‍മന്‍ജോത് സിംഗ് ഖബ്ര, വിക്‌ടര്‍ മോംഗില്‍, ഹോര്‍മിപാം, ജെസ്സല്‍ കാർണെയ്റോ, ജീക്‌സണ്‍ സിംഗ്, ഇവാന്‍ കല്യൂഷ്‌നി, സഹല്‍ അബ്‌ദുല്‍ സമദ്, അഡ്രിയാന്‍ ലൂണ, കെ പി രാഹുല്‍, ദിമിത്രിയോസ് ഡയമന്‍റക്കോസ് എന്നിവരായിരുന്നു ആദ്യ 11ല്‍ ഉണ്ടായിരുന്നത്.