സജി ചെറിയാനെ മന്ത്രിയാക്കിയത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽ പറത്തിയെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തിനെതിരെ നിയമ നടപടി ആരംഭിക്കും.

ധാർമികമായും രാഷ്ട്രീയമായും തെറ്റായ തീരുമാനമാണ്. മന്ത്രിസ്ഥാനത്ത് തുടരാൻ സജി ചെറിയാൻ യോഗ്യനല്ല. സജി ചെറിയാന് മന്ത്രി സ്ഥാനം നൽകിയത് സർക്കാർ പ്രവർത്തിക്കുന്നത് ഭരണഘടന വിരുദ്ധമായാണ് എന്നതിന്റെ തെളിവാണ്.

കലോത്സവത്തിലെ നോൺ വെജ് വിവാദം അനാവശ്യമാണ്. എല്ലാവരും കഴിക്കുന്ന ഭക്ഷണം എന്ന നിലയിലാണ് വെജ് വിളമ്പുന്നത്. നോൺവെജ് പുറത്തുപോയി കഴിക്കാമല്ലോ. സസ്യേതര ഭക്ഷണം കഴിക്കുന്നതിന് കേരളത്തിൽ ആരും എതിരല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ചിന്താ ജെറോമിന്റെ ശമ്പളം വർധിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച സുരേന്ദ്രൻ യുവജന കമ്മീഷൻ യുവാക്കൾക്കായി എന്താണ് ചെയ്തിട്ടുള്ളതെന്നും ചോദിച്ചു. യുവജന കമ്മീഷൻ എന്നത് അനാവശ്യ കമ്മീഷൻ ആണ്. കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്ന് കൊള്ളയടിക്കുന്ന ആളുകളായി ഈ കമ്മീഷൻ മാറിയിരിക്കുകയാണന്നും സുരേന്ദ്രൻ പറഞ്ഞു