ബി ജെ പി യും എ എ പിയും തമ്മിലുള്ള നേർക്ക് നേർ പോരാട്ടത്തിന് വീണ്ടും വഴിയൊരുക്കി ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പ്. ജനുവരി 17 നാണ് നഗരസഭയിലേ മേയർ, ഡപ്യൂട്ടി സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ചണ്ഡീഗഡ് ഡെപ്യൂട്ടി കമ്മീഷണർ യശ്പാൽ ഗാർഗ് തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ, രാവിലെ 11 മണിക്ക് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ കെട്ടിടത്തിലെ അസംബ്ലി ഹാളിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
വിജ്ഞാപനമനുസരിച്ച് ജനുവരി 12ന് വൈകിട്ട് അഞ്ച് മണിക്കകം നാമനിർദേശ പത്രിക സമർപ്പിക്കണം. നോമിനേറ്റഡ് കൗൺസിലർ അമിത് ജിൻഡാൽ അധ്യക്ഷനാകും. ഡെപ്യൂട്ടി കമ്മീഷണറുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെടുപ്പ്.
കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഢിൽ മേയറുടെ കാലാവധി ഒരു വർഷമാണ്. 35 അംഗ കോർപ്പറേഷനിൽ എ എ പിക്കും ബി ജെ പിക്കും 14 കൗൺസിലർമാർ വീതമാണുള്ളത്. അതുകൊണ്ടും ഇത്തവണയും തിരഞ്ഞെടുപ്പില്‍ വീറും വാശിയുമേറുമെന്ന കാര്യത്തില്‍ സംശയമില്ല. കോൺഗ്രസിന് ആറ് കൗൺസിലർമാരും എസ് എഡി ക്ക് ഒരാളുമുണ്ട്. ജനറൽ പൂളിൽ നിന്നാണ് ഇത്തവണ മേയർ സീറ്റ്.



